പത്തനംതിട്ട : ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനത്തിന് ജില്ലയില്‍ ഇന്നു (മാര്‍ച്ച് 27) മാത്രം 326 കേസ് രജിസ്റ്റര്‍ ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ അത് ലംഘിച്ചതിന് അഞ്ചു കേസും എടുത്തിട്ടുണ്ട്. 271 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 345 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വരുംദിവസങ്ങളിലും ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരുമെന്നും പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ലോക് ഡൗണ്‍ കാലാവധി കഴിഞ്ഞുമാത്രമേ തിരികെ ഉടമസ്ഥന് നല്‍കുകയുള്ളൂ എന്നും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
ലോക് ഡൗണ്‍, ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളും ജില്ലാഭരണകൂടവും തുടര്‍ച്ചയായി പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണവും മുന്നറിയിപ്പുകളും നല്‍കുമ്പോഴും അത് അവഗണിച്ച് വാഹനങ്ങളുമായി വ്യക്തമായ കാരണങ്ങളില്ലാതെ ചിലര്‍ പുറത്തിറങ്ങുന്നുണ്ട്. കൂടാതെ ക്വാറന്റീനില്‍ കഴിയുന്നവരും വീടുവിട്ട് ചുറ്റിത്തിരിയുന്ന സാഹചര്യവും നിലനില്‍ക്കുന്നതിനാല്‍ പോലീസ് നടപടി ശക്തമായിതുടരും. ഒന്നിലധികം തവണ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. രോഗവ്യാപന ഭീഷണി നിലനില്‍ക്കെ ഡ്യൂട്ടിയിലുള്ള പോലീസ്, ആരോഗ്യം തുടങ്ങിയ രംഗങ്ങളിലെ ഉദ്യോഗസ്ഥരോട് പൊതുജനം സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു.
അതിനിടെ വിദേശരാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരുടെ വിശദവിവരങ്ങളടങ്ങിയ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക രേഖ ‘ട്രാവലേഴ്‌സ് ഡീറ്റയില്‍സ്’ എന്ന പേരില്‍ പൊതുജനങ്ങളുള്‍പ്പെടുന്ന സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലൂടെ പുറത്തായത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ പോലീസ് സൈബര്‍സെല്‍ അന്വേഷണം നടത്തിയിരുന്നു. ഈ രേഖ ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്നും ജില്ലയിലെ വെറ്റിനറി ഡോക്ടര്‍മാരുടേയും ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടേയും വാട്‌സ്ആപ് ഗ്രൂപ്പുകളിലേക്ക് ഔദ്യോഗികമായി അയച്ചുകൊടുത്തിരുന്നു. വിദേശത്തുനിന്ന് നാട്ടിലെത്തിയവരെ സംബന്ധിച്ച രഹസ്യസ്വഭാവമുള്ള ഈ രേഖ ഒരു ഉത്തരവാദിത്തപ്പെട്ട ഓഫീസറുടെ ഫോണില്‍ നിന്നുമാണ് പൊതുജനങ്ങളുടെ വാട്‌സ്ആപ് അക്കൗണ്ടില്‍ എത്തിയത്. അവിടെ നിന്നും വിവിധ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ സൈബര്‍സെല്‍ കണ്ടെത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഔദ്യോഗികസ്വഭാവമുള്ളതിനാല്‍ പ്രസ്തുത രേഖ ആരും ഫോര്‍വേഡ് ചെയ്യരുതെന്നും സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഔദ്യോഗികരേഖ ചോര്‍ന്നതിന്‍റെ ഉറവിടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.