പത്തനംതിട്ട : കൊറോണയും ലോക്ക് ഡൗണും ജനങ്ങളെ വീടിന്റെ നാല് മതിലുകള്‍ക്കുള്ളിലാക്കി. പുറത്തിറങ്ങാനോ ഒന്ന് കറങ്ങി നടക്കാനോ കഴിയില്ല. എങ്ങാനും പുറത്തിറങ്ങിയാല്‍ പോലീസ് പൊക്കും, വണ്ടിയും കൊണ്ടുപോകും. പിന്നെ കിലോമീറ്ററുകള്‍ നടന്നുവേണം വീട്ടിലെത്താന്‍. ഈ പുകിലൊക്കെ ഓര്‍ത്ത് മിക്കവരും വീട്ടില്‍ ഒതുങ്ങിക്കൂടും.
ഭൂമി കൂടുതല്‍ ഉള്ളവര്‍ക്ക് കുഴപ്പമില്ല, അവര്‍ക്ക് ഇറങ്ങിനടക്കാന്‍ ഇഷ്ടംപോലെ സ്ഥലം ഉണ്ട്. എന്നാല്‍ നഗരത്തിലെ കുറഞ്ഞ സ്ഥലത്ത് വീട് വെച്ചു താമസിക്കുന്നവരും ഫ്ലാറ്റുകളിലെ നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിക്കുന്നവരും ലോക്ക് ഡൗണ്‍ കാലത്ത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് വഴുതിപ്പോകാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കുവാനാണ് പോലീസ് പാട്ടുവണ്ടിയുമായി കറങ്ങി നടക്കുന്നത്. ഓരോ സ്ഥലത്തും ലൈവ് ഗാനമേളയുമായി എത്തുന്ന ഇവര്‍ നാട്ടുകാരുടെ പ്രിയപ്പെട്ട താരങ്ങളായി മാറുന്നു. പാട്ടു പാടാന്‍ പത്തനംതിട്ട കലാസ്റ്റാർ കബീറും സംഘവും ഇവരോടൊപ്പം കൂടിയിട്ട് ദിവസങ്ങളായി. പാട്ടും മിമിക്രിയും ഒക്കെയായി ഇവര്‍ നാടുചുറ്റുകയാണ്. കാക്കിക്കുള്ളിലെ കലാകാരന്മാരും ഒട്ടും മോശമല്ല. ലോക്ക് ഡൗണ്‍ കാലത്താണ് പലരുടെയും കഴിവുകള്‍ സഹപ്രവര്‍ത്തകര്‍പോലും തിരിച്ചറിഞ്ഞത്. എന്നാല്‍ കബീറിനെപ്പോലുള്ള ഗായകര്‍ ഇതൊക്കെ തെല്ലു ഭയത്തോടെയാണ് കാണുന്നത്. വരാന്‍പോകുന്നത് വന്‍ സാമ്പത്തിക മാന്ദ്യമാണ്. ഇപ്പോഴേ പണിയില്ല. അതിന്റെകൂടെ സാറന്മാരുടെ രംഗത്തുവന്നാല്‍ തങ്ങളുടെ കാര്യം കട്ടപ്പൊകയാകും എന്നാണ് കബീര്‍ രഹസ്യമായി പറഞ്ഞത്. എന്തായാലും അങ്ങനെയൊരു വിഷമം വേണ്ടായെന്ന് കലാസ്റ്റാർ കബീറിനും സംഘത്തിനും ഉറപ്പു കൊടുത്തിരിക്കുകയാണ് പോലീസുകാര്‍.
പാട്ടുവണ്ടിയുടെ ചുമതല പത്തനംതിട്ട ഡി.വൈ.എസ്.പി കെ. സജീവിനാണ്. സംഗീതത്തില്‍ അതീവ താല്‍പ്പര്യമുള്ള ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന്റെ പ്രത്യേക താല്‍പ്പര്യവും പിന്തുണയും ഈ ഉദ്യമത്തിന് പിന്നിലുണ്ട്. കഴിഞ്ഞ 15 ദിവസമായി പാട്ടുവണ്ടി എല്ലാ ദിവസവും വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. ലോക്ക് ഡൌണില്‍ ജനങ്ങളുടെ പിരിമുറുക്കം കുറക്കാന്‍ ഒരു പരിധിവരെ ഇതിനു കഴിയുന്നുണ്ട്. ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയ സാഹചര്യത്തില്‍ പോലീസിന്റെ പാട്ടുവണ്ടി ഇനിയും ഉരുണ്ടുകൊണ്ടിരിക്കും…..