പത്തനംതിട്ട : നിബന്ധനകള്‍ പാലിക്കാത്തതിന് ഏപ്രില്‍ 14ന് വൈകിട്ട് നാലു മുതല്‍ ഏപ്രില്‍ 15ന് വൈകിട്ട് നാലു വരെ ജില്ലയില്‍ 414 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 422 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 335 വാഹനങ്ങള്‍ പിടിച്ചെടുത്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
20 ലിറ്റര്‍ കോട പിടികൂടിയതുമായി ബന്ധപ്പെട്ട് പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസ് ഉള്‍പ്പെടെയാണിത്. പന്തളം കുരമ്പാല സൗത്ത് പെരുംപാലൂര്‍ ക്ഷേത്രത്തിന് സമീപം നെല്ലിക്കാട്ടില്‍ സോമന്റെ വീടിന്റെ കിടപ്പുമുറിയില്‍ ബക്കറ്റില്‍ സൂക്ഷിച്ചു വച്ച നിലയിലാണ് കോട കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ഇ.ഡി. ബിജുവിന്റെ നിര്‍ദേശാനുസരണം എസ്‌ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതി സോമനെ(55) അറസ്റ്റ് ചെയ്തത്. പോലീസ് സംഘത്തില്‍ എസ്‌സിപിഒ മനോജ്, സിപിഒമാരായ രാജേഷ് ചെറിയാന്‍, അനീഷ്, അനൂപ് എന്നിവരും ഉണ്ടായിരുന്നു.
ലോക്ഡൗണ്‍ മേയ് മൂന്നു വരെ നീട്ടിയ സാഹചര്യത്തില്‍ കൊവിഡ്-19 ന്റെ സാമൂഹ്യവ്യാപനം തടയുന്നതിനുള്ള നിബന്ധനകള്‍ ഏവരും പാലിക്കണമെന്നും ലംഘനങ്ങള്‍ ശക്തമായ നിയമനടപടികളിലൂടെ നേരിടുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.
നോക്കുകൂലി സംബന്ധമായ പരാതികള്‍ ഉണ്ടാവാന്‍ പാടില്ല. നോക്കുകൂലി പൂര്‍ണമായും നിരോധിച്ചിട്ടുള്ളതിനാല്‍ ഒരുകാരണവശാലും അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവല്ലയിലുണ്ടായതു പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ജാമ്യമില്ലാ വകുപ്പുകള്‍ നിലവിലുണ്ടെന്നും പരാതികള്‍ ഉണ്ടായാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.