പത്തനംതിട്ട : ലോക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കും വാഹനയാത്രികര്‍ക്കുമെതിരെ ഏപ്രില്‍ 15ന് വൈകുന്നേരം മുതല്‍ ഏപ്രില്‍ 16ന് ഉച്ചയ്ക്ക് ശേഷംവരെ ജില്ലയില്‍ 385 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 388 പേരെ അറസ്റ്റ് ചെയ്യുകയും 322 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിന്റെ രണ്ടാം ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
പ്രഖ്യാപിക്കപ്പെട്ട ഇളവുകള്‍ പ്രയോജനപ്പെടുത്തി ആളുകള്‍ തിരക്കുണ്ടാക്കുന്ന സാഹചര്യം തടയും. ബാങ്കുകളിലും മറ്റും തിരക്കൊഴിവാക്കാന്‍ നടപടി സ്വീകരിക്കും. സ്വന്തം നിലയ്ക്കും എക്സൈസ് ഉദ്യോഗസ്ഥരുമായി സഹകരിച്ചും അനധികൃത മദ്യവില്‍പ്പനയ്ക്കും വ്യാജ വാറ്റിനുമെതിരെ റെയ്ഡുകള്‍ ശക്തിപ്പെടുത്തുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം ജനമൈത്രി പോലീസിന്റെ സേവനം പ്രയോജനപ്പെടുത്തി തുടര്‍ന്നു വരുന്നു. ജീവന്‍രക്ഷാ മരുന്നുകളും മറ്റു സേവനങ്ങളും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കി വരുന്നുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.