പത്തനംതിട്ട : ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്നു വരെ വിലക്കുകള്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയപ്പോള്‍ കേസുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. ഞായര്‍ ഉച്ചക്ക് ശേഷം മുതല്‍ തിങ്കള്‍ രണ്ടു മണിവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 358 കേസുകള്‍. 370 പേരെ അറസ്റ്റ് ചെയ്തതായും 265 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ മാത്രം തുറക്കാന്‍ അനുവദിക്കും, വാഹനങ്ങളുടെ കാര്യത്തില്‍ ഒറ്റ, ഇരട്ട അക്കങ്ങളെന്ന മാനദണ്ഡം പാലിക്കുന്നത് ഉറപ്പുവരുത്തും. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ നമ്പര്‍ നിബന്ധനകള്‍ ബാധകമാക്കില്ലെന്നും സത്യവാങ്മൂലവുമായി യാത്ര ചെയ്യാമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളുടെ അതിര്‍ത്തികള്‍ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം ആവശ്യക്കാരെ കടത്തിവിടാന്‍ തുറന്നുനല്‍കും. അതിര്‍ത്തികളില്‍ വാഹനപരിശോധന ശക്തമാക്കി.
വ്യാജചാരായ വാറ്റിനെതിരായ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുന്നു. കോയിപ്രം, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു അബ്കാരി കേസുകളിലായി ആറു പേരെ അറസ്റ്റ് ചെയ്തു. ആകെ 40 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോയിപ്രം മതപ്പാറയിലെ രണ്ടാംപ്രതിയുടെ വീട്ടില്‍ വച്ചു സുഹൃത്തുക്കളായ പ്രതികള്‍ ചേര്‍ന്നു ചാരായം വാറ്റുമ്പോഴാണ് എസ്ഐ രമേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൂന്നു പേരെ പിടികൂടിയത്. ഒരാള്‍ ഒളിവിലാണ്. മതപ്പാറ ഐക്കര വീട്ടില്‍ സന്തോഷ്‌കുമാര്‍, ചരിവുകാലയില്‍ പ്രദീപ്, മടത്തറ വീട്ടില്‍ പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങും കണ്ടെടുത്തു.
പത്തനംതിട്ട പന്ന്യാലിയില്‍ വീട്ടില്‍ ചാരായം വാറ്റാനുള്ള ശ്രമത്തിനിടെ 10 ലിറ്റര്‍ കോടയുമായി മൂന്നു പേരെ പത്തനംതിട്ട എസ്ഐ ഹക്കീം അറസ്റ്റ് ചെയ്തു. വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പന്ന്യാലി പിഎച്ച്സിക്കു സമീപം പൂവത്തുംതെക്കെ മുറിയില്‍ അജി, കോട്ടയം വാഴൂര്‍ ശ്യാംനിവാസില്‍ ശ്യാം രാജ്, പന്ന്യാലി പൂവത്തുംതെക്കെ മുറിയില്‍ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
ഗുരുതര രോഗങ്ങള്‍ക്കും, മറ്റും ചികിത്സയില്‍ കഴിയുന്ന ആളുകള്‍ക്ക് അവശ്യ മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിന് ജനമൈത്രി പോലീസിനെ പ്രയോജനപ്പെടുത്തി വരുന്നു. ”ഒരു വയര്‍ ഊട്ടാന്‍ ഒരു വിശപ്പടക്കാന്‍ ‘ എന്ന ക്യാമ്പയിന്റെ പേരില്‍ എസിപിസി പ്രോജക്ടിന്റെ നേതൃത്വത്തില്‍ ഭക്ഷണം നല്‍കി വരുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.