പത്തനംതിട്ട : ലോക് ഡൗണ്‍ ലംഘിച്ച് വാഹനങ്ങളുമായി പുറത്തിറങ്ങിയവരേയും അനാവശ്യമായി നിരത്തുകളില്‍ ചുറ്റിക്കറങ്ങുന്നവരേയും കടയുടമകളേയും മറ്റും പ്രതികളാക്കി ജില്ലയില്‍ 321 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 326 പേരെ അറസ്റ്റ് ചെയ്യുകയും 274 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
പണം വച്ച് ചീട്ടുകളിച്ചതിന് എടുത്ത ഒരു കേസുള്‍പ്പെടെയാണിത്. ആറു പേര്‍ ചേര്‍ന്ന് ഏനാത്ത് ബദാംമുക്കില്‍ പണം വച്ച് ചീട്ട് കളിച്ചതിന് ഏനാത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നാല് പേര്‍ പിടിയിലായി. രണ്ട് പേര്‍ സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയി. എസ്‌ഐ വിപിന്റെ നേതൃത്വത്തിലാണ് ചീട്ടുകളിസംഘത്തെ പിടികൂടിയത്. സിപിഒമാരായ സാംദാസ്, പ്രസന്നന്‍ എന്നിവരും എസ്‌ഐക്ക് ഒപ്പമുണ്ടായിരുന്നു. പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സിലെ നിര്‍ദിഷ്ട വകുപ്പുകള്‍ കൂടിച്ചേര്‍ത്താണ് കേസ് എടുത്തത്.
മോഷണം തുടങ്ങിയ പൊതുവായ കുറ്റകൃത്യങ്ങള്‍ ജില്ലയില്‍ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ബിവറേജസ് ഷോപ്പുകള്‍ അടച്ചതോടെ വ്യാജമദ്യനിര്‍മാണം സംബന്ധമായ സംഭവങ്ങള്‍ വ്യാപകമാകുന്നുണ്ടെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
ചിറ്റാര്‍ മുണ്ടന്‍പാറ കമലാസനന്‍ എന്ന ആളുടെ പറമ്പില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ചാരായം ചിറ്റാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍പിള്ളയും സംഘവും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കമാലാസനന്റെ മകന്‍ പ്രദീപിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികളായ രണ്ട് പേര്‍ ഓടി രക്ഷപെട്ടു. ജില്ലയുടെ കിഴക്കന്‍മേഖലയില്‍ വ്യാജ ചാരായ വാറ്റ് വ്യാപകമാകുന്നുണ്ട്. മദ്യം ലഭിക്കാതെ വരുന്ന സാഹചര്യം മുതലെടുത്ത് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനനിയമനടപടികള്‍ കൈക്കൊള്ളും. റെയ്ഡുകളും വാഹനപരിശോധനയും വ്യാപകമാക്കുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അവരുടെ താമസസ്ഥലങ്ങളിലും ക്യാമ്പുകളിലും പോലീസ് എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തണ്ണിത്തോട് വീടാക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന് അടൂര്‍ ഡിവൈഎസ്പി മേല്‍നോട്ടം വഹിക്കും.
അവശ്യസേവനങ്ങള്‍ക്കുപുറമേ ട്രക്ക് റിപ്പയര്‍ കേന്ദ്രങ്ങള്‍ ഒഴികെയുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന വര്‍ക്ക്‌ഷോപ്പുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ഞായറാഴ്ചകളിലും 10 മുതല്‍ അഞ്ചു വരെ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ വിപണനവും സര്‍വീസും നടത്തുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുള്ളതിനാല്‍ നിബന്ധനകള്‍ പാലിച്ച് ഇവ പ്രവര്‍ത്തിക്കുന്നത് പോലീസ് ഉറപ്പുവരുത്തും. വ്യവസ്ഥകള്‍ ലംഘിക്കപ്പെടാതിരിക്കാനും വിലക്കുകള്‍ ലംഘിച്ച് ആളുകള്‍ തിരക്ക് കൂട്ടുന്നത് ഒഴിവാക്കാനും പോലീസ് ജാഗ്രത പുലര്‍ത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.