തിരുവനന്തപുരം : ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടികൂടി സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ക്ക് തല്‍ക്കാലം പിഴയില്ല. ആവശ്യപ്പെടുമ്പോള്‍ വാഹനം തിരികെ ഹാജരാക്കാമെന്ന വ്യവസ്ഥയില്‍ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലും മുന്‍ഗണനാക്രമത്തിലും തിങ്കളാഴ്ച മുതല്‍ ഇവ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കും. വാഹനങ്ങള്‍ തിരികെ എടുക്കാന്‍ വരുന്നവരുടെ തിക്കും തിരക്കും ഒഴിവാക്കാനാണ് പോലീസ് കസ്റ്റഡിയിലായ ദിവസത്തിന്റെ മുന്‍ഗണനപ്രകാരം വാഹനങ്ങള്‍ വിട്ടുകൊടുക്കുക.
ഇതനുസരിച്ച് ലോക്ക് ഡൗണിന്റെ ആദ്യദിവസം പിടിക്കപ്പെട്ടവര്‍ക്കാണ് ആദ്യദിവസമായ തിങ്കളാഴ്ച വാഹനങ്ങള്‍ വിട്ടു കിട്ടുക. ലോക്ക് ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 23 മുതല്‍ 23,000 ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷന്‍ പരിസരം വാഹനങ്ങള്‍ കൊണ്ട് നിറയുകയും ഇവ കൂടി കിടന്ന് നശിക്കുന്നത് തടയുന്നതിന്റെയും ഭാഗമായി വാഹനങ്ങള്‍ പിഴ ഈടാക്കി വിട്ടുകൊടുക്കാനായിരുന്നു മുഖ്യമന്ത്രി ഡി.ജി.പിയോട് നിര്‍ദേശിച്ചത്.
ഇതനുസരിച്ച് വാഹനങ്ങള്‍ പിഴചുമത്തി വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് നിയമോപദേശവും തേടിയിരുന്നു. പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി പിടിച്ചെടുത്ത വാഹനങ്ങളെന്ന പേരിലാണ് ഇവ സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ല.
ഇതുകാരണം തല്‍ക്കാലം ഈ വാഹനങ്ങള്‍ക്ക് പിഴ ചുമത്താനാകില്ല. അല്ലെങ്കില്‍ കൊവിഡ് പോലുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിയമലംഘകരില്‍ നിന്ന് പിഴ ഈടാക്കാന്‍ ഓര്‍ഡിനന്‍സില്‍ ഭേദഗതി കൊണ്ടുവരണം. ഇക്കാര്യത്തില്‍ തല്‍ക്കാലം ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പിടികൂടിയ വാഹനങ്ങള്‍ക്കെതിരെ ഭാവിയില്‍ നടപടികള്‍ ആവശ്യമായി വന്നാല്‍ തിരികെ ഹാജരാക്കണമെന്ന സത്യവാങ്ങ്മൂലം ഉടമകളില്‍ നിന്നെഴുതി വാങ്ങി വിട്ടുകൊടുക്കാന്‍ പോലീസിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.