ന്യൂഡല്‍ഹി : കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ആഘാതത്തില്‍ നിന്ന് സമ്പത്ത് വ്യവസ്ഥയെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായുളള തുറന്നിടലിന്റെ നാലാം ഘട്ടം സെപ്റ്റംബറില്‍ യാഥാര്‍ത്ഥ്യമാകും. മെട്രോ, പൊതുപരിപാടികള്‍ എന്നിവയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്‌കൂള്‍, കോളജ്, കോച്ചിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 30 വരെ പതിവ് ക്ലാസില്ല. കോവിഡില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാലയങ്ങള്‍ ഇപ്പോള്‍ തുറക്കേണ്ടതില്ല എന്ന കേന്ദ്ര തീരുമാനം.
എന്നാല്‍ സ്‌കൂളുകളിലെ 9- 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രക്ഷാകര്‍ത്താവിന്റെ രേഖാമൂലമുള്ള സമ്മതത്തോടെ സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളിലെത്താം. അധ്യാപകരില്‍നിന്നു മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാനാണിത്. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തുള്ളവര്‍ക്ക് മാത്രമാണ് ഈ ഇളവ്. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തുള്ള സ്‌കൂളുകളിലെ പരാമവധി 50 % വീതം അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ഓണ്‍ലൈന്‍ അധ്യാപനം, ടെലി കൗണ്‍സലിങ് തുടങ്ങിയവയ്ക്കായി 21 മുതല്‍ സ്‌കൂളിലെത്താം. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിഎച്ച്‌ഡി ഗവേഷകര്‍ക്കും സാങ്കേതിക, പ്രൊഫഷണല്‍ പിജി കോഴ്‌സ് വിദ്യാര്‍ഥികള്‍ക്കും ലബോറട്ടറി ഉപയോഗിക്കുന്നതിനും പരീക്ഷണ പഠനങ്ങള്‍ നടത്തുന്നതിനും സ്ഥാപനത്തിലെത്താന്‍ ഇനി മുതല്‍ അനുമതി നല്‍കേണ്ട ചുമതല ഉന്നതവിദ്യാഭ്യാസ വകുപ്പിനാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലവുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷം മാത്രമേ ഇതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കാവൂ എന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു.
വരുന്ന 21 മുതല്‍ പരമാവധി 100 പേരുമായി പൊതു ചടങ്ങുകള്‍ നടത്താമെന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്‍ലോക്ക്-4 മാര്‍ഗരേഖയിലെ പ്രധാനപ്പെട്ട കാര്യം. മെട്രോ ട്രെയിന്‍ സര്‍വീസ് വരുന്ന 7 മുതല്‍ ഘട്ടം ഘട്ടമായി തുടങ്ങാം. തിയറ്റര്‍, സ്വിമ്മിങ് പൂള്‍, പാര്‍ക്ക് തുടങ്ങിയവയ്ക്കുള്ള വിലക്കു തുടരും. അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ 30 വരെ തുടരുമെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു.
സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്‌കാരിക, മത, രാഷ്ട്രീയ ചടങ്ങുകള്‍ക്കാണ് 21 മുതല്‍ അനുമതി. മാസ്‌ക്, അകല വ്യവസ്ഥ, തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധം. വിവാഹച്ചടങ്ങില്‍ പരമാവധി 50 പേര്‍, സംസ്‌കാരച്ചടങ്ങില്‍ പരമാവധി 20 പേര്‍ എന്ന രീതി 20 വരെ തുടരും. അതിനുശേഷം ഇരു ചടങ്ങുകള്‍ക്കും പരമാവധി 100 പേര്‍ക്ക് വരെ പങ്കെടുക്കാം.