ന്യൂഡൽഹി : രാജ്യത്ത് ലോക് ഡൗൺ തുടരുമെന്നും നിര്‍ദ്ദേശങ്ങളും നിബന്ധനകളും ഈ മാസം 18ന് മുമ്പ് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ഉടനൊന്നും മാറില്ല. ലോക്ഡൗൺ നാലാം ഘട്ടം പുതിയ നിയമങ്ങളും നിബന്ധനകളും അനുസരിച്ചായിരിക്കുമെന്നും മോദി വ്യക്തമാക്കി. മേയ് 17നാണ് രാജ്യത്ത് മൂന്നാം ഘട്ട ലോക്ഡൗൺ അവസാനിക്കുന്നത്.
ഏറെക്കാലം കൊറോണ നമ്മുടെ ജീവിതത്തോടൊപ്പമുണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞിട്ടുണ്ട്. കോവിഡിനൊപ്പം ജീവിച്ചു മുന്നേറുകയാണു വേണ്ടത്. നമ്മൾ മാസ്കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുകയാണു വേണ്ടത്. കൊറോണയെ ബാധിക്കാൻ അനുവദിക്കില്ല. അതുകൊണ്ടു തന്നെ നാലാംഘട്ട ലോക്ഡൗണ്‍ നിയമങ്ങൾ അനുസരിച്ചു പുതിയ രൂപത്തിലുമാകും.
സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ അനുസരിച്ചാണ് നാലാംഘട്ട ലോക്ഡൗണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രാദേശിക ഉൽപാദനവും വിതരണവും കൂടുതൽ ശക്തിപ്പെടുത്തും. ഓരോരുത്തരും പ്രാദേശിക ഉൽപനങ്ങൾ വാങ്ങുകയും പ്രചരിപ്പിക്കുകയും വേണം.
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് നടപ്പിലാക്കും. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ധീരമായ പരിഷ്കരണ നടപടികൾ ആവശ്യമാണ്. വാണിജ്യ, വ്യവസായ, നിക്ഷേപ മേഖലകളില്‍ വൻ ചലനമുണ്ടാകും.
ആഗോള വിപണന ശൃംഖലയില്‍ കടുത്ത മത്സരത്തിന് രാജ്യത്തെ സജ്ജമാക്കും. ഭൂമി, തൊഴിൽ, ധനലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും പാക്കേജിന്റെ ഭാഗമാകും. തൊഴിലാളികൾക്കും കർഷകർക്കും ഇടത്തരക്കാർക്കുമെല്ലാം പദ്ധതിയിലൂടെ നേട്ടമുണ്ടാകും. ഇതിന്റെ വിശദാംശങ്ങൾ നാളെ മുതൽ ധനമന്ത്രി പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.