പനാജി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗോവയില്‍ വ്യാഴാഴ്ച മുതല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 29 വൈകുന്നേരം മുതല്‍ മെയ് മൂന്നിന് രാവിലെ വരെ ഗോവയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ലോക്ഡൗണ്‍ സമയത്ത് അവശ്യ സേവനങ്ങളും വ്യവസായിക പ്രവര്‍ത്തനങ്ങളും മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഏപ്രില്‍ 29 മുതല്‍ മെയ് മൂന്നു വരെ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങളും വ്യവസായിക പ്രവര്‍ത്തനങ്ങളും അനുവദിനീയമാണ്. പൊതുഗതാഗതം അടച്ചിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ സമയത്ത് കാസിനോകളും ഹോട്ടലുകളും പബ്ബുകളും അടച്ചിരിക്കുമെന്നും അവശ്യ സേവന ഗതാഗതത്തിനായി അതിര്‍ത്തികള്‍ തുറന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗോവയില്‍ 2,110 പുതിയ കോവിഡ് കേസുകളും 31 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഇപ്പോള്‍ 81, 908 കോവിഡ് കേസുകളാണുള്ളത്. മരണസംഖ്യ 16,591 ആണ്. ഗോവയില്‍ ഇതുവരെ 6,32,131 കോവിഡ് ടെസ്റ്റുകള്‍ നടത്തുകയും ചെയ്തു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 3,293 പേരാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും ഇന്നലെ വര്‍ധനവുണ്ടായി. 3,60,960 പേര്‍ക്കാണ് ഇന്നലെ രോഗബാധയുണ്ടായത്.
പുതിയ കണക്കോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ രണ്ട് ലക്ഷം കടന്നു. ഇന്ത്യയില്‍ കോവിഡ് മഹാമാരി വ്യാപിച്ചതിന് ശേഷം ആദ്യമായാണ് പ്രതിദിന മരണ നിരക്ക് മൂവായിരം കടക്കുന്നത്. ആകെ മരിച്ചവരുടെ എണ്ണം 2,01,187 ആയി. 1,79,97,267 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 29,78,709 ആണ് ആക്ടീവ് കേസുകള്‍. ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 14,78,27,367 പേരാണ്. കഴിഞ്ഞ ഏഴ് ദിവസമായി ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. ചൊവ്വാഴ്ച്ച ഡല്ഹിയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 381 പേരാണ്.
മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഇന്നലെയാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. 66,358 പേര്‍. 32.72 ശതമാനമാണ് ഡല്‍ഹിയിലെ പോസിറ്റീവിറ്റി നിരക്ക്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഡല്‍ഹിയിലെ മരണ നിരക്ക് 300 ന് മുകളിലാകുന്നത്.
കേരളത്തില്‍ ഇന്നലെ 32,819 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.