പത്തനംതിട്ട : ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ഇളവുകള്‍ ദുരുപയോഗം ചെയ്യുകയോ ജാഗ്രതയില്‍ വീഴ്ചയുണ്ടാവുകയോ പാടില്ലെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. രോഗം പകരാതിരിക്കാന്‍ നിലവിലെ നിബന്ധനകള്‍ പാലിക്കണം. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നു ക്വാറന്റീനില്‍ കഴിയുന്നവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കി മുറിക്കുള്ളില്‍ തന്നെ കഴിയണം, പുറത്തിറങ്ങി നടക്കരുത്. ഇവരെ അയല്‍വാസികളും നിരീക്ഷിക്കണം. ക്വാറന്റൈന്‍ ലംഘനങ്ങള്‍ തടയുന്നതിന് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബൈക്ക് പട്രോളിങ്ങും നിരീക്ഷണവും തുടരുന്നുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമായി തുടരും.
മദ്യശാലകളുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതെ നോക്കും. സാമൂഹിക അകലം, മാസ്‌ക് ഉപയോഗം തുടങ്ങി എല്ലാ ശുചിത്വ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നതായി ഉറപ്പുവരുത്തും. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കും. മദ്യശാലകള്‍ തുറന്നപ്പോള്‍ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങുന്നുണ്ട്. അതുവഴി റോഡപകടങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ഉണ്ടാവാതെ തടയും. രോഗം ബാധിച്ചവരെ ശത്രുക്കളെപോലെ കണ്ട് അവര്‍ക്കെതിരെ അതിക്രമങ്ങള്‍ക്ക് മുതിരുന്നവരെ കര്‍ശനമായി നേരിടും. അത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
അന്തര്‍ജില്ലാ പൊതുഗതാഗതം തുടങ്ങുന്ന സാഹചര്യത്തില്‍ അനുവദനീയമായ വിധത്തിലേ യാത്രികരെ അനുവദിക്കുകയുള്ളൂ. നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്നും, ഓട്ടോറിക്ഷകളിലും മറ്റും ആളുകളെ കുത്തിനിറച്ചു കൊണ്ടുപോകുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സ്വദേശത്തേക്കുള്ള തിരിച്ചുപോക്കുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ വരുന്നമുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അവരുടെ ഭക്ഷണം, മറ്റ് ആവശ്യങ്ങള്‍, സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ പോലീസിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
കാലവര്‍ഷം പ്രമാണിച്ച് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സ്ഥിതിക്ക് ജാഗ്രത പാലിക്കേണ്ടതുണ്ട്. ഏത് അടിയന്തിര സാഹചര്യം നേരിടാനും ജില്ലയിലെ പോലീസ് സജ്ജമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് ഞായര്‍ വൈകിട്ട് നാലു മുതല്‍ തിങ്കള്‍ വൈകിട്ട് നാലു വരെ 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 21 പേരെ അറസ്റ്റ് ചെയ്യുകയും, 12 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ഇന്നലെ 68 പേര്‍ക്ക് നോട്ടീസ് നല്‍കി.