തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. കര്‍ശന നിയന്ത്രണത്തിലൂടെ രോഗത്തെ പിടിച്ചുകെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാന്‍ പോലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്.
അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ പോലീസിന്റെ പാസും മറ്റ സാഹചര്യത്തില്‍ സത്യവാങ്മൂലവും കൈയില്‍ കരുതണം. ഹോട്ടലുകള്‍ക്ക് രാവിലെ 7.30 മുതല്‍ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി സംവിധാനം പാലിക്കണം. തട്ടുകടകള്‍ക്ക് അനുമതിയില്ല. ചരക്കുഗതാഗതത്തിന് തടസമില്ല. അടിയന്തര ഘട്ടത്തില്‍ മരുന്ന് ഉള്‍പ്പെടെ ജീവന്‍ രക്ഷാ ഉപാധികള്‍ക്കായി പോലീസിന്റെ സഹായം തേടാം. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഇടപാടുകള്‍ രാവിലെ 10 മണി മുതല്‍ രണ്ടുവരെയാണ്.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ളവക്ക് മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. ഇത്തരം ചടങ്ങുകള്‍ നടത്തുന്നവര്‍ സ്വയം തയാറാക്കിയ സത്യപ്രസ്താവന, ക്ഷണക്കത്ത്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കരുതണം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കായി 25,000 പോലീസുകാരെ സംസ്ഥാനത്താകമാനം നിയോഗിച്ചിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് മേല്‍നോട്ട ചുമതല.