തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങിയിരിക്കുകയാണ്. നിലവിലെ എം.പി. കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശ് ആണ്. നിരവധി വികസന പ്രവർത്തനങ്ങളും അതുപ്പോലെ ജനഹൃദയങ്ങളെ അടുത്തറിഞ്ഞ് അവർക്ക് ആവശ്യമുള്ളത് നേടി കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആറ്റിങ്ങലിലെ ജനമനസ്സുകളിൽ അദ്ദേഹത്തിന് തീർച്ചയായും ഒരു സ്ഥാനം ലഭിക്കുമെന്നതിൽ യാതൊരു തർക്കവും ഇല്ല. അതേസമയം കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ വി. ജോയ് എം.എല്‍.എ. കളത്തിലിറക്കിയാണ് എല്‍.ഡി.എഫ്. നീക്കം. ഇക്കുറിയും യു.ഡി.എഫ്. സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് ആണ്. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ കൂടി എത്തുമ്പോള്‍ ആറ്റിങ്ങലിന്റെ അങ്കത്തട്ടില്‍ പോരാട്ടം ഈ വർഷം കനക്കും. ആറ്റിങ്ങൽ ദേശീയശ്രദ്ധ പിടിച്ചുപറ്റുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
2008-ലെ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമാണ് ആറ്റിങ്ങല്‍ മണ്ഡലം പിറക്കുന്നത്. ചിറയിന്‍കീഴായിരുന്ന ലോക്‌സഭാ സീറ്റ് ആറ്റിങ്ങല്‍ മണ്ഡലമായി മാറ്റുകയായിരുന്നു. നേരത്തെ 1957-ലാണ് തിരുവനന്തപുരം ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ചിറയിന്‍കീഴ് ലോക്‌സഭാ മണ്ഡലം രൂപവത്കരിച്ചത്. വർക്കല, ആറ്റിങ്ങൽ, ചിറയിന്‍കീഴ്, കിളിമാനൂർ, വാമനപുരം, ആര്യനാട്, നെടുമങ്ങാട്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങള്‍ ചേർന്നതായിരുന്നു ചിറയിൻകീഴ്. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട തുടങ്ങിയ നിയമസഭാ മണ്ഡലങ്ങൾ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലെത്തി. ഈ തീരദേശ, ഗ്രാമീണ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഇടത് എം.എല്‍.എമാരാണുള്ളത്.