ആലപ്പുഴ : കേരളത്തിലെ കോൺഗ്രസിൻ്റെ മൃഗീയ ഭൂരിപക്ഷത്തെ നേരിടാൻ ആലപ്പുഴയിൽ എൽഡിഎഫിന് എ.എം. ആരിഫ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരേയൊരു സീറ്റ് നഷ്ടമായതിൻ്റെ നൊമ്പരം കോൺഗ്രസിനും, ഒരെണ്ണമെങ്കിലും നേടാൻ സാധിച്ചതിൻ്റെ ആശ്വാസം മാർക്സിസ്റ്റ് പാർട്ടിയ്ക്കും നൽകിയാണ് 2019 തിരഞ്ഞെടുപ്പ് കടന്നുപോയത്. ഇക്കുറിയും ആലപ്പുഴയിൽ എ.എം. ആരിഫ് തന്നെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. എന്നാൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇപ്പോൾ വോട്ടർമാർക്ക് ആവേശത്തിലാക്കുന്നത്.
ആലപ്പുഴയുടെ സ്വന്തം കെസി വേണുഗോപാൽ വീണ്ടും മത്സര രംഗത്തേയ്ക്ക് എത്തുമ്പോൾ തുല്യ ശക്തികൾ തമ്മിലാകും പോരാട്ടം. ഈ തിരഞ്ഞെടുപ്പ് ഒരു ഫോട്ടോഫിനിഷിലേക്ക് പോകുമെന്ന് അഭിപ്രായം മണ്ഡലത്തിൽ പൊതുവേയുണ്ട്. ബിജെപിക്ക് വേണ്ടി അപ്രതീക്ഷിതമായി ശോഭ സുരേന്ദ്രൻ എത്തിയത് അണികൾക്കിടയിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ബിജെപിയ്ക്ക് അത്ര സ്വാധീനമില്ലാത്ത ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ എത്രത്തോളം സ്വാധീനം ചെലുത്തും എന്നത് കാത്തിരുന്ന് തന്നെ കാണാം.