കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുറഞ്ഞു വരികയാണ്. എന്നാൽ കോവിഡ് ബാധിച്ചവരിൽ മാസങ്ങൾക്ക് ശേഷവും ആരോഗ്യ പ്രശ്നങ്ങൾ പ്രകടമാകുന്നുവെന്നാണ് റിപ്പോർട്ട്. കൊവിഡ് 19 ഭേദമായ ശേഷം പലരിലും വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ട് വരുന്നുണ്ട്. ‘ലോംഗ് കോവിഡ്’ എന്നാണ് ഈ പ്രശ്‌നങ്ങളെ പൊതുവായി വിളിക്കുന്നത്. അതായത് കോവിഡ് രോഗം ഭേദമായതിന് ശേഷവും രോഗികളായിരുന്നവരെ വിട്ടുമാറാതെ പിടിക്കുന്ന ഒരുകൂട്ടം ശാരീരിക – മാനസിക പ്രശ്‌നങ്ങളാണ് ‘ലോംഗ് കോവിഡ്’. ഒമിക്രോൺ വകഭേദം പിടിപെട്ട് ഭേദമായവരിലാണ് ലോംഗ് കോവിഡ് ലക്ഷണങ്ങൾ കൂടുതലും കാണുന്നത്. ചെറിയ രോഗലക്ഷണങ്ങൾ മാത്രമായോ അല്ലാതെയോ കോവിഡ് ബാധിച്ച മുതിർന്നവരിൽ 10 ശതമാനത്തോളം പേർക്കും ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാം എന്നാണ് പഠനങ്ങൾ പറയുന്നത്.
കുട്ടികളിലും ഇത് കാണപ്പെടും. ഒമിക്രോണിലും ലോങ് കോവിഡ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും എന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പും നൽകിയിരുന്നു. നീണ്ട കോവിഡ് ലക്ഷണങ്ങൾ ഒരു വർഷം കൊണ്ട് ഹൃദയത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. വൈറസിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കാമെന്നും (ഡബ്ല്യുഎച്ച്ഒ) ഉദ്യോഗസ്ഥർ പറഞ്ഞു. രോഗം ഭേദമായവരിൽ കാണുന്ന പ്രശ്നങ്ങൾ ഏതാനും ആഴ്ചകളോ മാസങ്ങളോ അല്ലെങ്കിൽ ഏതാനും വർഷങ്ങൾ നിലനിൽക്കാമെന്നാണ് നിഗമനം. ഇത് ശരീരത്തിലെ എല്ലാ അവയവങ്ങളെയും ഒരേ സമയം ബാധിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ലോങ് കോവിഡിൽ സാധാരണയായി കാണുന്ന ആരോഗ്യപ്രശ്നങ്ങൾ ഇവയാണ്
അസഹനീയമായ ക്ഷീണം, കിതപ്പ് അനുഭവപ്പെടുക, ഓർമക്കുറവ് /ഒരു തരം മന്ദത (Brain Fog), ശരീരം ഇളകി ജോലിചെയ്യുമ്പോഴുള്ള കിതപ്പ്, രുചിയും മണവും അറിയാതിരിക്കുകയോ അതിൽ വ്യത്യാസം അനുഭവപ്പെടുകയോ ചെയ്യുക, കുത്തിക്കുത്തിയുള്ള ചുമ, ശ്വാസം എടുക്കുമ്പോൾ വലിഞ്ഞ് മുറുകുന്നതു പോലുള്ള നെഞ്ചു വേദന, ഉറക്കകുറവ്, അകാരണമായ ഭീതി, നെഞ്ചിടിപ്പ്, സന്ധികളിലും പേശികളിലും ഉള്ള വേദന, വിശപ്പില്ലായ്മ /ദഹനക്കുറവ്, തലവേദന, മുടികൊഴിച്ചിൽ, ആർത്തവ പ്രശ്നങ്ങൾ. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഇതൊന്നും മറ്റ് രോഗങ്ങളുടെ ഭാഗമല്ലെന്ന് പരിശോധനകളിലൂടെ ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കോവിഡ് അനുബന്ധമായ ഇത്തരം ചികിത്സ നടത്തി പരിചയമുള്ള ഡോക്ടറിൽ നിന്ന് ചികിത്സ ഉറപ്പാക്കേണ്ടതും രോഗശമനത്തിന് അത്യാവശ്യമാണ്.