തിരുവനന്തപുരം : നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ്. ഫോട്ടോയില്‍ കാണുന്ന 65 വയസ് പ്രായവും 5.7 അടി ഉയരവുമുള്ള സിദ്ദിഖ് മമ്മദ് എന്നയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക എന്നാണ് ഇംഗ്ലീഷ്, മലയാളം പത്രങ്ങളില്‍ വന്ന ലുക്ക് ഔട്ട് നോട്ടീസിന്റെ ഉള്ളടക്കം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയുടെ പേരിലാണ് ലുക്ക് ഔട്ട് നോട്ടീസ്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവര്‍ പോലീസിനെ അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവില്‍ പോയത്. തുടര്‍ന്ന് സുപ്രീം കോടതിയില്‍ സിദ്ദിഖ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുന്‍ അറ്റോര്‍ണി ജനറലും ഇന്ത്യയിലെ തന്നെ മുതിര്‍ന്ന അഭിഭാഷകരിലൊരാളുമായ മുകുള്‍ റോഹ്തകിയാണ് സിദ്ദിഖിനായി സുപ്രിംകോടതിയില്‍ ഹാജരാകുക. അന്വേഷണം ഊര്‍ജ്ജിതം എന്നു പറയുമ്പോഴും സിദ്ദിഖിനെ കണ്ടെത്താന്‍ ഇനിയയും പോലീസിന്റെ അന്വേഷണസംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കെതിരെ അതിജീവിത സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കിയിട്ടുണ്ട്. ഇടക്കാല ഉത്തരവിന് മുന്‍പ് വാദം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.