കണ്ണൂര്‍ : ആറു വയസ്സുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ പല്ല് പുറത്തെടുത്തു. സങ്കീര്‍ണമായ റിജിഡ് ബ്രോങ്കോ സ്‌കോപ്പി ചികിത്സയിലൂടെയാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വെച്ച് പല്ല് പുറത്ത് എടുത്ത്.
ആദ്യമായി കൊഴിഞ്ഞ പല്ല് ആറുവയസ്സുകാരി അബദ്ധത്തിലാണ് വിഴുങ്ങിയത്. ഇതിനെ തുടര്‍ന്ന് ഒന്നരമാസത്തിലേറെയായി വിട്ടുമാറാത്ത ചുമയും വലിവും ശ്വാസതടസ്സവും കാരണം കുട്ടി ബുദ്ധിമുട്ടുകയായിരുന്നു.
കുട്ടിക്ക് ഒരുവര്‍ഷം മുമ്പേ മാറിയ വലിവിന്റെ അസ്വസ്ഥത വീണ്ടുമുണ്ടായെന്ന് കരുതിയാണ് രക്ഷിതാക്കള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനെ സമീപിച്ചത്. അവിടെനിന്നും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
വിശദമായ പരിശോധനയില്‍ കുട്ടിയുടെ ഇടത്തേ ശ്വാസകോശത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. എന്തെങ്കിലും വിഴുങ്ങിരുന്നോ എന്ന അന്വഷണത്തിനിടെയാണ് വായില്‍ നിന്നും ആദ്യമായി കൊഴിഞ്ഞ പല്ല് കാണാതായ വിവരം രക്ഷിതാക്കള്‍ ഡോക്ടര്‍മാരെ അറിയിച്ചത്.
പല്ല് കുടുങ്ങി, ശ്വാസകോശത്തിലെ ആ ഭാഗം അടഞ്ഞിരുന്നു. കഫം ഉള്‍പ്പടെ കെട്ടിക്കിടന്ന് അണുബാധ എറ്റ് അപകടാവസ്ഥയിലായിരുന്നു.
പെട്ടന്ന് തന്നെ കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. അത്യാധുനിക ക്യാമറ സഹിതമുള്ള റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ മുന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുടുങ്ങിക്കിടന്ന പല്ല് പുറത്ത് എടുത്തത്. ആ ഭാഗം അടഞ്ഞുകിടന്നതിനാല്‍ കെട്ടിക്കിടന്ന് അണുബാധയുടെ തുടക്കമായ കഫവും നീക്കം ചെയ്തു.
ശ്വാസകോശവിഭാഗത്തിലെ ഡോ മനോജ് ഡി കെ, ഡോ രാജീവ് റാം, ഡോ കെ മുഹമ്മദ് ഷഫീഖ്, ശിശുരോഗ വിഭാഗത്തിലെ ഡോ എം.ടി.പി മുഹമ്മദ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ ചാള്‍സ് തോമസ്, ഡോ മോളി ജോസ്, ഡോ ബഷീര്‍ മണ്ഡ്യന്‍ എന്നിവരുമുള്‍പ്പെട്ട മെഡിക്കല്‍ സംഘമാണ് ചികിത്സ നടത്തിയത്.