തിരുവനന്തപുരം : ഹോട്ടലുകൾ അമിത വില ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാൻ നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനം. നവംബറിലെ നിയമസഭാ സമ്മേളനത്തിൽ ഇതിനായുള്ള ബിൽ അവതരിപ്പിക്കും. ഹോട്ടലുകളിലെ അമിതവില ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്‍റെ ഈ തീരുമാനം. ഹോട്ടലുകളിലെ സൗകര്യങ്ങൾ വിലയിരുത്തി ക്ളാസിഫിക്കേഷൻ നിശ്ചയിക്കും. എ, ബി, സി എന്നിങ്ങനെ ഗ്രേഡുകളായി തിരിക്കും. ഹോട്ടലിന് മുന്നിലെ ബോർഡിൽ ഹോട്ടലിന് ലഭിച്ചത് ഏതു ഗ്രേഡാണെന്ന് പ്രദർശിപ്പിക്കണം. ഉപഭോക്താവിന് ഗ്രേഡ് മനസിലാക്കി ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാം. കൂടുതൽ സൗകര്യങ്ങളുള്ള എ ഗ്രേഡ് ഹോട്ടലുകളിലാകും കൂടിയ വില. സി ആണ് ഏറ്റവും കുറഞ്ഞ ഗ്രേഡ്. അവിടെ കുറഞ്ഞ വിലയായിരിക്കും.
സാധാരണക്കാരുടെ ആശ്രയമായ തട്ടുകടകളെ ഗ്രേഡിംഗിൽ നിന്നും ഒഴിവാക്കും. എന്നാൽ അവിടെ കൊള്ളവില വാങ്ങുന്നത് അനുവദിക്കില്ല. ഹോട്ടലുകളുടെ അമിത വില ഈടാക്കൽ സംബന്ധിച്ച് പരാതി തുടരുന്ന സാഹചര്യത്തിലാണ് നിയമം കൊണ്ടുവരുന്നത്. അതേസമയം ഹോട്ടലുകളിൽ വില നിയന്ത്രണം കൊണ്ടുവരാൻ ഭക്ഷ്യ സുരക്ഷാ വകുപ്പും തീരുമാനിച്ചു കഴിഞ്ഞു. ഹോട്ടലുകളിലെ വൃത്തി, ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം എന്നിവ പരിഗണിച്ചുള്ള ഗ്രേഡിംഗിനെകുറിച്ചാണ് ചർച്ച ആരംഭിച്ചത്. എന്നാൽ ഭക്ഷ്യസാധനങ്ങൾ വൃത്തിയുള്ള സാഹചര്യത്തിലാണോ പാചകം ചെയ്യുന്നതെന്ന് മാത്രമേ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരിശോധിക്കാനാകൂ എന്നും ഗുണനിലവാരം, അളവ് , വില എന്നിവയെക്കുറിച്ചുള്ള പരിശോധനകൾ നടത്താൻ തങ്ങൾക്ക് മാത്രമേ അധികാരമുള്ളൂ എന്നുമാണ് ഉപഭോക്തൃവകുപ്പിന്‍റെ വാദം.
കോഴിയിറച്ചി വിഭവങ്ങൾക്കാണ് പ്രധാനമായും വിലവർദ്ധന. മൂന്ന് പീസുള്ള ചിക്കൻ കറിക്ക് 160-220 രൂപ വരെയായി. ചിക്കൻ ഫ്രൈ 300രൂപയായി. രണ്ടു പീസുള്ള ബിരിയാണിക്ക് 180 -300 രൂപ. മീൻ വിഭവങ്ങൾക്ക് ഓരോ ദിവസവും ഓരോ വിലയാണ്. ‘സൈസ് അനുസരിച്ച് വില’ എന്നാണ് ഹോട്ടലുകളുടെ വില വിവരപ്പട്ടികയിൽ പ്രദർശിപ്പിക്കുന്നത്. രണ്ട് കിലോയുള്ള കോഴിയിൽ നിന്ന് 1.3 കിലോ മാംസം ലഭിക്കും. രണ്ട് കിലോ കോഴിക്ക് 350 രൂപ. 1.3 കിലോയിൽ നിന്ന് അഞ്ച് ഫുൾ ഫ്രൈ. ഒരു ഫ്രൈക്ക് 300 രൂപ വച്ച് ഒരു കോഴിയിൽ നിന്ന് 1500 രൂപ. എണ്ണ, മസാല, ജോലിക്കൂലി മാറ്റിയാലും കൊള്ള ലാഭമാണ്. ഇതിനെല്ലാം തടയിടാനാണ് സർക്കാർ നിയമം കൊണ്ടുവരുന്നത്.