മലപ്പുറം: ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ ലോറി ഡ്രൈവറെ മർദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ലോറി ഉടമകളും തൊഴിലാളികളും പണിമുടക്കിലേയ്ക്ക്. ഡ്രൈവറെ റോഡില്‍വെച്ചും പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയും മർദിച്ചെന്നാണ് പരാതി.
വയനാട് സ്വദേശി എല്‍ദോയ്ക്കാണ് മലപ്പുറം വടക്കേമണ്ണയില്‍ വെച്ച് പോലീസ് മർദ്ദനമേറ്റത്. മഹാരാഷ്ട്രയില്‍ നിന്ന് അരി കയറ്റിയ ലോറിയുമായി മലപ്പുറത്തേയ്ക്ക് വരുന്നതിനിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്. പോലീസ് വാഹന പരിശോധന നടക്കുന്നതിനിടയില്‍ ലോറി കുറച്ച് മുന്നോട്ട് കയറ്റി നിര്‍ത്തിയതാണ് തുടക്കം. ഇതിന്റെ പേരില്‍ പോലീസ് ലോറി ഡ്രൈവറേയും ക്ലീനറേയും വഴക്ക് പറഞ്ഞു.
പിന്നീട് വാഹനം കടത്തിവിട്ടു. ലോറി പോകുന്നതിനിടയില്‍ എല്‍ദോ അസഭ്യം പറഞ്ഞെന്നാണ് പോലീസ് പറയുന്നത്. ഇതേ തുടര്‍ന്ന് എല്‍ദോയെ പോലീസ് ലോറിയില്‍ നിന്ന് ബലമായി ഇറക്കി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. റോഡില്‍വെച്ച് മർദിച്ചെന്നും സ്റ്റേഷനില്‍ മുട്ടുകുത്തി നിര്‍ത്തിച്ചെന്നും ലോറി ഉടമകള്‍ പരാതിപ്പെട്ടു.
മർദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ലോറി ഉടമകളും തൊഴിലാളികളും വീടുകളില്‍ കുടുംബസമേതം പ്രതിഷേധിച്ചു. പരിഹാരമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെച്ച് സമരത്തിലേക്കിറങ്ങാനാണ് ലോറി ഉടമകളുടേയും തൊഴിലാളികളുടേയും തീരുമാനം.