കൊച്ചി: പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ്, സിം കാര്‍ഡ് പോലുള്ളവ നഷ്ടമായാല്‍ എന്താണ് ചെയ്യേണ്ടത്? യാത്രയ്ക്കിടയിലും മറ്റും കയ്യിലുള്ള വിലപിടിച്ച സാധനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അവ നഷ്ടപ്പെട്ടു എന്ന് ബോധ്യമായാല്‍ ഉടന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ എത്തി നേരിട്ട് പരാതി നല്‍കാന്‍ പല കാരണങ്ങളാലും സാധിക്കണമെന്നുമില്ല. മൊബൈല്‍ ഫോണില്‍ പോല്‍ ആപ്പ് ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഓണ്‍ലൈനായി പരാതി നല്‍കാവുന്നതാണെന്ന് കേരള പോലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി Services എന്ന വിഭാഗത്തിലെ ‘ Lost Property ‘ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതില്‍ നഷ്ടമായ വസ്തുവകകളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. പാസ്പോര്‍ട്ട്, സിം കാര്‍ഡ്, ഡോക്യുമെന്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, മൊബൈല്‍ ഫോണ്‍ മുതലായവ നഷ്ടമായാല്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്നും കുറിപ്പില്‍ പറയുന്നു. റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ലഭിക്കുന്ന രസീതോ, പോലീസ് അന്വേഷണം പൂര്‍ത്തിയാക്കുമ്പോള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാവുന്നതാണെന്നും കേരള പോലീസ് വ്യക്തമാക്കി.