പത്തനംതിട്ട : ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി കച്ചവടക്കാരനെ കബളിപ്പിച്ചയാളെ നാട്ടുകാര്‍ പിടികൂടി. കൊല്ലം കരിക്കോട് താമസിക്കുന്ന ഷാജിനെയാണ് (52) പിടികൂടിയത്. ഇന്നലെ രാവിലെ ഏനാത്ത് ജംങ്ഷനില്‍ വെച്ച് നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി സമ്മാനാര്‍ഹമായ ഭാഗ്യക്കുറിയാണെന്ന് ധരിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്. ഇയാള്‍ മടങ്ങിയ ശേഷം ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് കച്ചവടക്കാര്‍ക്ക് ചതി മനസ്സിലായത്.
തുടര്‍ന്ന് കാറിലെത്തി പണം തട്ടിയ ആളിനെ അന്വേഷിച്ച് കച്ചവടക്കാര്‍ പട്ടാഴി റോഡിലെത്തിയപ്പോഴാണ് ഭക്ഷണശാലയ്ക്കു മുന്നില്‍ ഇയാളുടെ കാര്‍ കണ്ടത്. പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ ഷാജിന്‍ ഭക്ഷണശാലയില്‍ നിന്ന് ഇറങ്ങി ഓടി. തുടര്‍ന്ന് നാട്ടുകാര്‍ ഓടിച്ചിട്ട് പിടിക്കുകയും പോലീസിനെ ഏല്‍പിക്കുകയും ചെയ്തു. അടൂര്‍ പുതുവല്‍ സ്വദേശിയായ ലോട്ടറി കച്ചവടക്കാരന്റെ പരാതി പ്രകാരം ഷാജിനെതിരെ ഏനാത്ത് പോലീസ് കേസെടുത്തു.