കൊച്ചി: കേരളത്തിലെ ഓണ്‍ലൈന്‍-അന്യസംസ്ഥാന ലോട്ടറി ഇടപാടുകളും തട്ടിപ്പും പുറത്തുകൊണ്ടുവന്നത് കെ. സുരേഷ് കുമാര്‍ ഐഎഎസ് സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടറായിരിക്കെയാണ്. അന്ന് അതിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വരികയും അഞ്ചു വര്‍ഷം സസ്‌പെന്‍ഷനിലാവുകയും ചെയ്തു. കേസില്‍ വിജയിച്ച് സര്‍വീസില്‍ തിരിച്ചുകയറി മൂന്നു വര്‍ഷം ശേഷിക്കെ സ്വയം വിരമിക്കേണ്ടിവരികയും ചെയ്തു അദ്ദേഹത്തിന്.
സുരേഷ് കുമാര്‍ പറയുന്നു,” ഞാന്‍ അന്ന് കണ്ടെത്തിയത് വാസ്തവമായിരുന്നു. അത് പില്‍ക്കാലത്ത് വ്യക്തമായി. ലോട്ടറി നടത്തിപ്പിന്റെ വിശ്വാസ്യത തന്നെ വീണ്ടെടുക്കാനും ലോട്ടറി വില്‍പ്പനയിലൂടെ ജീവിതം തുലയുന്ന കുടുംബങ്ങളേയും വ്യക്തികളേയും രക്ഷിക്കുകയായിരുന്നു എന്റെ ദൗത്യം. ലോട്ടറി നടത്തിപ്പ് കേന്ദ്ര ലോട്ടറി ആക്‌ട് പ്രകാരമാണ്. അത് സൂക്ഷ്മമായി പാലിച്ച് നടപ്പാക്കിയാല്‍ പ്രശ്‌നമില്ല. ലോട്ടറി വകുപ്പില്‍ ഞാന്‍ ചെയ്തത് ശരിയായിരുന്നുവെന്ന് വ്യക്തം. അതുകൊണ്ടാണല്ലോ 15 വര്‍ഷം കഴിഞ്ഞിട്ടും നിരോധനം മാറ്റാന്‍ കഴിയാത്തത്. അന്ന് പലതും നടന്നിരുന്നു, ഇന്ന് നടക്കുന്നുണ്ടോ എന്ന് അറിയില്ല,” അദ്ദേഹം പറഞ്ഞു.