റാന്നി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ താഴ്ന്ന പ്രദേശങ്ങള്‍ കനത്ത വെള്ളപ്പൊക്ക ഭീഷണിയില്‍. പമ്പാനദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന അധികൃതരുടെ നിര്‍ദ്ദേശവും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുക കൂടിയായതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. റാന്നി ഉപാസനക്കടവില്‍ ഇന്നു ഉച്ചയോടെ വെള്ളം കയറി തുടങ്ങി. വലിയകാവ് ചെട്ടിമുക്ക് റോഡില്‍ പുള്ളോലിയില്‍ ഉച്ചയോടെ വെള്ളം കയറി ഗതാഗതം മുടങ്ങി. അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി, മുക്കം കോസ് വേകളിലും വെള്ളം കയറി. വനത്താലും പമ്പാനദിയാലും ചുറ്റപ്പെട്ട കുരുമ്പന്‍മൂഴി, മണക്കയം, അരയാഞ്ഞിലിമണ്‍ കോളനികള്‍ ഇന്നു രാവിലെ തന്നെ ഒറ്റപ്പെട്ട സ്ഥിതിയിലായി. നാറാണംമൂഴി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ കുരുമ്പന്‍മൂഴിയിലേയ്‌ക്കെത്താനുള്ള ഏകമാര്‍ഗമായ കോസ് വേയില്‍ വെള്ളം കയറി തുടങ്ങിയത് പ്രദേശവാസികളുടെ ജീവിതത്തെ തന്നെ ബാധിച്ചു.
അത്തിക്കയത്തു നിന്നും പെരുന്തേനരുവി വനത്തിലൂടെ ഇവിടെ എത്തിച്ചേരാന്‍ കൂപ്പ് റോഡ് ഉണ്ടെങ്കിലും വാഹന ഗതാഗതം ചണ്ണ മുതല്‍ പെരുന്തേനരുവി വരെയെ കഴിയൂ. അടുത്ത സമയത്താണ് ഈ റോഡ് സഞ്ചാരയോഗ്യമാക്കിയത്. കെഎസ്ഇബി, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ ബാക്കി ഭാഗത്തെ റോഡ് സഞ്ചാര യോഗ്യമാക്കാന്‍ ഫണ്ട് അനുവദിച്ച് ജോലികള്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തിയായില്ല. കുരുമ്പന്‍മൂഴിയിലെ ജനങ്ങള്‍ പുറംലോകവുമായി ബന്ധപ്പെടുന്നതും മുതിര്‍ന്നവര്‍ ജോലികള്‍ക്കും, മറ്റ് ആവശ്യങ്ങള്‍ക്കായി പോകുന്നതും കോസ് വേ കടന്ന് ചാത്തന്‍തറ, മുക്കൂട്ടുതറ വഴി ആണ്. അതുകൊണ്ട് തന്നെ കോസ് വേ മുങ്ങുന്നതോടെ അവരുടെ ജീവതമാര്‍ഗമാണ് അടയുന്നത്. കിഴക്കന്‍ മേഖലയില്‍ മഴ ശക്തി പ്രാപിക്കുന്നതോടെ പുറത്ത് പോയ എല്ലാവരും സ്വന്തം നാട്ടിലേയ്ക്ക് അടിയന്തരമായി തിരിച്ചെത്തും. അല്ലെങ്കില്‍ കുടുങ്ങി പോകും. കഴിഞ്ഞ മഹാ പ്രളയ സമയത്ത് രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ അഗ്‌നിശമന സേനയുടെ റബ്ബര്‍ ഡിങ്കി എത്തിക്കേണ്ടി വന്നതും വേദനയോടെ ഇവര്‍ക്ക് ഓര്‍ക്കാന്‍ കഴിയൂ. മഴ തുടര്‍ന്നാല്‍ പല സ്ഥലങ്ങളും സംസ്ഥാന പാതകള്‍ അടക്കമുള്ള റോഡുകളും വെള്ളത്താല്‍ മുങ്ങാന്‍ സാധ്യത കൂടുതലാണ്. ഇതുതന്നെയാണ് അരയാഞ്ഞിലിമണ്ണിലേയും സ്ഥിതി. പാലം നിര്‍മ്മിക്കുക മാത്രമാണ് ഏക പോംവഴി. 2018ലെ അപ്രതീക്ഷിത പ്രളയത്തില്‍ കനത്ത നാശനഷ്ടം നേരിട്ട റാന്നിയിലെ വ്യാപാരികള്‍ ഉപാസന കടവില്‍ വെള്ളം കയറിയതോടെ ആശങ്കയിലാണ്. പലരും സുരക്ഷിത സ്ഥലങ്ങളിലേക്ക് സാധനങ്ങള്‍ മാറ്റി തുടങ്ങിയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ ചെത്തോങ്കര തോട്ടില്‍ നിന്നും വെള്ളം ടൗണിലേക്ക് ഇരച്ചു കയറും. ഈ തോട് കൈയ്യേറ്റം ഒഴിപ്പിച്ച് ആഴം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മുടങ്ങിയിരുന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളം കയറി മുങ്ങുവാന്‍ സാധ്യത കൂടുതലാണ്.