കോഴഞ്ചേരി : ഉന്നത നിലവാരത്തിൽ പുനർനിർമാണം നടത്തിയ ആറന്മുള പഞ്ചായത്തിലെ നീർവിളാകം-കുറിച്ചിമുട്ടം റോഡിന്റെ വശങ്ങൾ താഴ്ന്നുകിടക്കുന്നത് അപകടത്തിന് കാരണമാകുന്നു.
കുറിച്ചിമുട്ടം കാണിക്കവഞ്ചിമുതൽ നീർവിളാകം കുന്നേൽപടിവരെയുള്ള ഭാഗത്ത് വശങ്ങളിലായിരുന്നു താഴ്ച ഉണ്ടായിരുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വശങ്ങളിൽ നാമമാത്രമായി കോൺക്രീറ്റ് ചെയ്തു. ചില സ്ഥലങ്ങളിൽ മണ്ണിട്ടു. എങ്കിലും റോഡിന്റെ വശങ്ങളിൽ ചില സ്ഥലത്ത് അശാസ്ത്രീയമായി കോൺക്രീറ്റ് ഇട്ടതുമൂലം നേരത്തേയുണ്ടായിരുന്നതിനേക്കാൾ കൂടുതൽ താഴ്ച രൂപപ്പെട്ടു. പുനർനിർമാണം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ വശങ്ങളിലെ കുഴി മണ്ണിട്ടോ കോൺക്രീറ്റ് ചെയ്തോ മാറ്റുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. റോഡിന്റെ വശങ്ങളിലേക്ക് വാഹനങ്ങൾ പ്രത്യേകിച്ച് ഇരു ചക്രവാഹനങ്ങൾ ഇറക്കാനാവാത്ത അവസ്ഥയാണുള്ളത്.
എതിരേ വരുന്ന വലിയ വാഹനങ്ങൾക്ക് വശം കൊടുക്കാനായി ചെറിയ വണ്ടികൾ വശങ്ങളിലേക്ക് ഒതുക്കുമ്പോൾ ഒരടിയോളം താഴ്ന്ന വശങ്ങളിലേക്ക് ടയറുകൾ ഇറങ്ങുകയും പിന്നീട് റോഡിലേക്ക് കയറ്റാൻ ഏറെ പ്രയാസപ്പെടുകയും ചെയ്യുന്നത് അപകടത്തിന് കാരണമാകും. റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും സാധിക്കുന്നില്ല. ഒട്ടേറെപ്പേർ എത്തുന്ന നീർവിളാകം ധർമശാസ്താക്ഷേത്രം, വിനോദസഞ്ചാരകേന്ദ്രമായ ബാംഗ്ലൂർ റോഡ് എന്നിവിടങ്ങളിൽ ഇതുമൂലം ആളുകൾക്ക് റോഡിൽ വണ്ടി ഇടേണ്ട അവസ്ഥയാണ്.
ഇത് ഗതാഗത തടസ്സത്തിന് കാരണമാകുന്നു. നിർമാണ കരാറിനൊപ്പം വശങ്ങളിൽ മണ്ണിട്ട് ഉയർത്തേണ്ട ബാധ്യതയും ഉണ്ടെങ്കിലും ഈ പ്രവൃത്തി പൂർണമായും ചെയ്യാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.