കൊളസ്ട്രോൾ രണ്ടു തരത്തിലുണ്ട്. എൽഡിഎൽ കൊളസ്‌ട്രോൾ അഥവാ ചീത്ത കൊളസ്ട്രോളും എച്ച് ഡി എൽ അഥവാ നല്ല കൊളസ്ട്രോളും. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടിയാൽ അത് ധമനികളുടെ ആന്തരിക ഭിത്തികളിൽ അടിഞ്ഞു കൂടും.
പിന്നീട് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമെല്ലാം ഇത് കാരണമാകുകയും ചെയ്യും. പല കാരണങ്ങൾ കൊണ്ടാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത്. കൊഴുപ്പു കൂടിയ ഭക്ഷണം കൂടിയ അളവിൽ കഴിക്കുന്നത്, വ്യായാമമില്ലായ്‌മ, പുകവലി, അമിത മദ്യപാനം ഇവ കൊളസ്‌ട്രോൾ കൂടാൻ കാരണമാകും.
ആഹാരത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുക. എല്ലാ പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദിവസവും കാരറ്റ് കഴിക്കുന്നത് കൊളസ്ട്രോൾ തടയാൻ സഹായിക്കും. കാരറ്റിലുള്ള ബീറ്റാകരോട്ടിൻ ആന്റി ഓക്സിഡന്റ് നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് കൂട്ടും. വ്യായാമം ചെയ്യുന്നത് കൊളസ്ട്രോൾ സാധ്യത കുറയ്ക്കാം.
നീന്തൽ, നടത്തം പോലുള്ള വ്യായാമങ്ങൾ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും, മത്തി, അയല, ചൂര, കോര എന്നിവയിലെല്ലാം ഉള്ള നിയാസിനും ഒമേഗ കൊഴുപ്പും ചീത്ത കൊളസ്ട്രോളിന്റെ ഓക്സീകരണം തടയുന്നു. നല്ല കൊളസ്ട്രോൾ അളവ് വർധിപ്പിക്കുകയും ചെയ്യും. ഒലിവെണ്ണ, അണ്ടിപ്പരിപ്പ്, ബദാം, വാൾനട്ടുകൾ, അവാക്കാഡോ പോലുള്ളവയിൽ കൊഴുപ്പ് കൂടുതലായി അടങ്ങിയിട്ടുണ്ട്.
ഓട്സിൽ അടങ്ങിയിരിക്കുന്ന ബീറ്റാഗ്ലൂക്കൻ എന്ന ജലത്തിൽ ലയിക്കുന്ന നാരാണ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്. ബ്രേക്ക്ഫാസ്റ്റിന് ഓടസ് ഉപ്പുമാവായോ അല്ലാതെയോ കഴിക്കാം. പോഷകഗുണങ്ങൾ വളരെയധികം വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.
ഭക്ഷണത്തിൽ വെളുത്തുള്ളി ധാരാളമായി ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ വളരെയധികം സഹായിക്കും. വെളുത്തുള്ളിയിൽ ഉള്ള അലിസിൻ എന്ന പദാർത്ഥമാണ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത്.