തിരുവനന്തപുരം : ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി എന്ന പേരില്‍ സ്വകാര്യ ബസുകൾക്ക് പരിധിയില്ലാതെ ഓടാൻ നൽകിയ അനുമതി സർക്കാർ പിൻവലിച്ചു. ഇതോടെ 31 ദേശസാത്കൃത റൂട്ടുകളിലെ 241 സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററായി യാത്ര ചുരുക്കേണ്ടി വരും. കെ.എസ്.ആർ.ടി.സിക്ക് ഇത് ഗുണകരമാവും. കഴിഞ്ഞ സർക്കാർ കാലത്തെ ഉത്തരവ് അനുസരിച്ച് 241 സ്വകാര്യ ബസുകൾക്ക് എത്ര ദൂരം വേണമെങ്കിലും ഓടാൻ അനുമതി നൽകിയിരുന്നു. 800 കിലോമീറ്ററിലധികം ദൂരത്തില്‍ സ്വകാര്യ ബസുകള്‍ ഇങ്ങനെ കെ.എസ്.ആര്.ടി.സിക്കൊപ്പം ഓടിയിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളുടെ അതേ സമയത്തായിരുന്നു ഈ സ്വകാര്യ ബസുകളും. ദേശസാത്കൃത റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് തീരുന്ന മുറക്കാണ് കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര പെര്‍മിറ്റ് ഏറ്റെടുത്തിരുന്നത്. ആദ്യഘട്ടത്തില്‍ ഏറ്റെടുത്തവക്ക് പ്രതിദിനം 25,000 രൂപക്കടുത്ത് വരുമാനമുണ്ടായിരുന്നു.
എന്നാല്‍ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറിയായി സ്വകാര്യ ബസുകള്‍ക്ക് കൂടി ഓടാന്‍ അനുമതി നല്‍കിയതോടെ ഇത്തരത്തില്‍ ലഭിച്ച 228 പെര്‍മിറ്റുകളും കെ.എസ്.ആര്.ടി.സിക്ക് ബാധ്യതയായി. ദീര്‍ഘദൂര സര്‍വിസുകളില്‍ മാത്രമാണ് കെ.എസ്.ആര്.ടി.സിക്ക് ലാഭം കിട്ടുന്നത്. ഇത്തരം സര്‍വിസുകള്‍ കൂടുതല്‍ നടത്തിയാലേ സാമൂഹിക പ്രതിബദ്ധത കാരണം ഓടിക്കാന്‍ നിര്‍ബന്ധിതമാകുന്ന ഗ്രാമീണ റൂട്ടുകളിലെ നഷ്ടം നികത്താന്‍ സാധിക്കൂ. മോട്ടോര്‍വാഹന ചട്ടം റൂള്‍ 2 (ഒ.ബി) പ്രകാരം ഓര്‍ഡിനറി സര്‍വിസുകളുടെ പരമാവധി സഞ്ചാരദൂരം 140 കിലോമീറ്ററാണ്. ഒപ്പം ഫെയര്‍ സ്റ്റേജുകള്ക്കിടയിലെ മുഴുവന്‍ സ്റ്റോപ്പുകളിലും നിര്‍ത്തണമെന്ന വ്യവസ്ഥയുമുണ്ട്. ഈ നിബന്ധനകൾ കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത് കളയുകയായിരുന്നു. സംസ്ഥാനത്ത് ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സര്‍വിസുകളെ 2013 ലെ ഉത്തരവിലൂടെ കെ.എസ്.ആര്.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. ഇതിന്റെ ഫലമായി പെര്‍മിറ്റ് നഷ്ടപ്പെട്ട 228 സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചട്ടഭേദഗതി വരുത്തിയത്.