പത്തനംതിട്ട: എം.ടി. തൻ്റെ സിനിമകളിൽ മനുഷ്യമനസ്സുകളെയും ജീവിതത്തെയും അതിൻ്റെ ചുറ്റുപാടുകളെയും ഏറ്റവും സൂക്ഷ്മമായും നാടകീയതയും അതിഭാവുകത്വവും നിറഞ്ഞ രീതിയിൽ അവതരിപ്പിക്കുകയാണ് ചെയ്തതെന്നും അതു കൊണ്ടു തന്നെയാണ് എം.ടിയുടെ സിനിമകൾ എല്ലാം തന്നെ ജനപ്രിയമായി മാറിയതെന്നും ചലച്ചിത്ര സംവിധായകൻ ഡോ. ബിജു പറഞ്ഞു. എഴുത്തുകൂട്ടം സാംസ്കാരികവേദി നടത്തിയ ‘ഹൃദയത്തിൽ എം.ടി’ അനുസ്മരണ പരിപാടിയിൽ എം.ടി.യുടെ സിനിമകളെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം.ടി.യുടെ സാഹിത്യകൃതികളിലെപ്പോലെ തന്നെ സിനിമയിലും അദ്ദേഹം തൻ്റെ ജീവിത ദർശനം കൃത്യമായിത്തന്നെ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും എം.ടിയുടെ തിരക്കഥകൾ എല്ലാം സമഗ്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എം.ടിയുടെ സാഹിത്യകൃതികളെക്കുറിച്ച് നിരൂപകൻ ഡോ.എസ്. എസ്. ശ്രീകുമാർ, എം.ടി. എന്ന പത്രാധിപർ എന്ന വിഷയത്തിൽ ഡോ. ഉണ്ണികൃഷ്ണൻ കളീക്കൽ, എം.ടി. എന്ന പ്രഭാഷകൻ എന്ന വിഷയത്തിൽ നിരൂപകൻ റവ. ഡോ. മാത്യു ദാനിയേൽ, എം.ടി.യുടെ സ്ത്രീകൾ എന്ന വിഷയത്തിൽ കവി ഡോ. ഷീബ രെജികുമാർ, എസ്. ഷൈലജ കുമാരി എന്നിവർ പ്രഭാഷങ്ങൾ നടത്തി. എഴുത്തുകൂട്ടം സാംസ്കാരികവേദി പ്രസിഡന്റ് പ്രീത് ചന്ദനപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. നിബുലാൽ വെട്ടൂർ, ട്രഷറർ ഹരീഷ് റാം, കവി കെ. രാജഗോപാൽ, കൃപ അമ്പാടി, ആശ കുറ്റൂർ, കൃഷ്ണകുമാർ കാരയ്ക്കാട്, കുമ്പളത്ത് പദ്മകുമാർ, മോഹൻ കുമാർ വള്ളിക്കോട്, എം.എ. ആകാശ് എന്നിവർ പ്രസംഗിച്ചു.