തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാ വിരുദ്ധമായ നടപടികളാണ് സ്വീകരിച്ചിരുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പുതിയ ഗവർണർ ഭരണഘടനാപരമായി പ്രവർത്തിക്കണമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ഗവര്‍ണര്‍ സംഘപരിവാര്‍ ആശയം നടപ്പാക്കുക മാത്രമാണ് ചെയ്തതത്. ആരിഫ് മുഹമ്മദ് ഖാനെ മഹത്വവത്കരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിച്ചു. വലിയ ജനകീയ അംഗീകാരമുള്ള ഗവര്‍ണര്‍ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതു സര്‍ക്കാരിനോട് തെറ്റി സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് ഗവര്‍ണറുടെ വിരേതിഹാസമായി പലരും കാണുന്നത്.
ഇത് അങ്ങേയറ്റം ജനവിരുദ്ധ സമീപനമാണ്. കമ്യൂണിസ്റ്റെന്നും കോണ്‍ഗ്രസെന്നും നോക്കാതെ ഭരണഘടനാപരമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. അതിനു പകരം ഭരണഘടനാവിരുദ്ധമായ നിലപാടുകളാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു. പുതിയ ഗവര്‍ണറെ നോമിനേറ്റ് ചെയ്യുന്നത് ബിജെപിയാണ്. പരമ്പരാഗത ആര്‍എസ്എസ്, ബിജെപി സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗവര്‍ണറെ തീരുമാനിക്കുന്നത്. ഒരു മുന്‍വിധിയോടെ ഒന്നും പറയുന്നില്ല. പുതിയ ഗവര്‍ണര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിച്ച് സര്‍ക്കാരുമായി ഒത്തുപോവുകയാണ് വേണ്ടതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.