കൊച്ചി : വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണ പദ്ധതി തന്റെ ആശയമായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കി. ഈ ആശയം മുന്നോട്ട് വെച്ചത് യുഎഇ കോണ്‍സുലേറ്റില്‍ വെച്ചാണെന്നും ശിവശങ്കറിന്റെ മൊഴിയില്‍ പറയുന്നു.
2018ല്‍ മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന് ശേഷമാണ് റെഡ് ക്രെസന്റ് സംഘം തിരുവനന്തപുരത്തെത്തുന്നത്. 2019 ആദ്യമാസമാണ് കോണ്‍സുല്‍ ജനറലിന്റെ ആവശ്യപ്രകാരം താന്‍ കോണ്‍സുലേറ്റിലെത്തി റെഡ്ക്രസന്റെ് പ്രതിനിധികളുമായി കൂടികാഴ്ച നടത്തിയതെന്ന് എം ശിവശങ്കര്‍ സമ്മതിച്ചു.
ഇതിലാണ് ഭവന സമുച്ചയം എന്ന ആശയം താന്‍ മുന്നോട്ട് വെച്ചത്.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പല ഇടങ്ങളിലായി വീട് വെച്ച് നല്‍കാനാണ് ആദ്യം ആലോചിച്ചത്. ഇതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായി. എന്നാല്‍ ഭവന രഹിതര്‍ക്കായി കാഴ്ചയില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു പദ്ധതി നടപ്പിലാക്കാമെന്ന തന്റെ നിര്‍ദേശത്തോട് റെഡ് ക്രെസന്റ് പ്രതിനിധികളും യോജിച്ചു. ഇതിന് ശേഷം മുഖ്യമന്ത്രിയെ കണ്ട് താന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. പദ്ധതിയ്ക്ക് മുഖ്യമന്ത്രി അംഗീകാരവും നല്‍കി- എം ശിവശങ്കരന്‍ ഇഡിയ്ക്ക് നല്‍കിയ മൊഴിയില്‍ വിശദീകരിക്കുന്നു.
യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് മിനിട്‌സ് ഉണ്ടായിരുന്നില്ല. വിദേശ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നും ശിവശങ്കര്‍ മൊഴിയില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം ക്രോഡീകരിച്ചത് ജിഎഡി ആണ്. തനിക്ക് അതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലെന്നും ശിവശങ്കറിന്റെ മൊഴിയിലുണ്ട്.