കൊച്ചി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായതോടെ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉയര്‍ത്തി പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുളള സമരങ്ങളും പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നുണ്ട്. സംവരണ വിഷയത്തിലെ ഭിന്നാഭിപ്രായം സര്‍ക്കാരിനെതിരായ പ്രതിഷേധ സമരങ്ങളിലൂടെ മറികടക്കാനും പ്രതിപക്ഷം നീക്കങ്ങള്‍ നടത്തുന്നുണ്ട്. ബിജെപിയും സര്‍ക്കാരിനെതിരെ രംഗത്തുണ്ട്.
ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കേരള ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവമാണിതെന്നും ജനങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ച ഭരണാധികാരത്തെ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും യഥാര്‍ത്ഥ ചിത്രം പുറത്തുവന്നുവെന്നുമാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.