ദില്ലി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ജാമ്യം തേടി എം ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും, സരിത്തുമടക്കം യു എ ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു എ ഇ കോണ്‍സുലേറ്റാണ്. തനിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇതില്‍ പങ്കില്ല.ലൈഫ് മിഷന്‍ കേസിലെ അറസ്റ്റ്, രാഷ്ട്രീയ അടവിന്റെ ഭാഗമാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
കേസില്‍ ഫെബ്രുവരിയിലാണ് എം ശിവശങ്കര്‍ അറസ്റ്റിലായത്. വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റിന്റെ നിര്‍മ്മാണ കരാര്‍ വാങ്ങിനല്‍കാനായി യൂണിടാക് ബില്‍ഡേഴ്‌സില്‍നിന്ന് കോഴ വാങ്ങിയെന്നാണ് ശിവശങ്കറിനെതിരായ കേസ്. 4.48 കോടി രൂപ ശിവശങ്കറിനു നല്‍കിയതായി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെയും സ്വപ്ന സുരേഷിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷന്‍ ഇടപാടിലെ കോഴയാണെന്ന സ്വപ്നയുടെ മൊഴിയും ശിവശങ്കറിന് കുരുക്കായി.