കൊച്ചി: അയ്യപ്പനെ അവഹേളിച്ച എം സ്വരാജിനെ പരാജയപ്പെടുത്തണമെന്ന ആവശ്യവുമായി ശബരിമല മുന്‍ മേല്‍ശാന്തി രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി യു ഡി എഫ് സ്ഥാനാര്‍ഥി കെ ബാബുവിന് കെട്ടി വെയ്ക്കാനുള്ള പണം ശബരിമല മുന്‍ മേല്‍ശാന്തിയായ ഏഴിക്കോട് ശശിധരന്‍ നമ്പൂതിരി നല്‍കിയത് ജനശ്രദ്ധ പിടിച്ചുപറ്റി. ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന എം സ്വരാജ് എം എല്‍ എയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.
ഇതേത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ കെ ബാബുവിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണവുമായി എം സ്വരാജ് രംഗത്തെത്തി. താന്‍ വികസനം മാത്രമാണ് വോട്ടര്‍മാരില്‍ പറയാന്‍ ശ്രമിക്കുന്നതെന്നായിരുന്നു സ്വരാജ് പറഞ്ഞത്. എന്നാല്‍, സ്വരാജിന്റെ പഴയ ശബരിമല പ്രസംഗം ഈ തെരഞ്ഞെടുപ്പ് കാലത്ത് ആയുധമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. അയ്യപ്പനെ അവഹേളിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥി പരാജയപ്പെടണമെന്ന് ആഗ്രഹം ഉണ്ടെന്ന ശശിധരന്‍ നമ്പൂതിരിയുടെ വാക്കുകള്‍ ഇതിനുദാഹരണം. അതേസമയം, തെരഞ്ഞെടുപ്പില്‍ സ്വരാജിന്റെ പ്രസംഗം പ്രധാന പ്രചാരണ ആയുധമാക്കുകയാണ് യു ഡി എഫും ബി ജെ പിയും.
ശബരിമലയുമായി ബന്ധപ്പെട്ട് സ്വരാജ് നടത്തിയ പരാമര്‍ശങ്ങളുടെ പഴയ വീഡിയോ കുത്തിപ്പൊക്കുകയാണ് ട്രോളര്‍മാര്‍. 2018 ഒക്ടോബറില്‍ ആയിരുന്നു വിവാദമായ പരാമര്‍ശം. ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് ആയിരുന്നു സ്വരാജ് പറഞ്ഞത്. സി പി എം പൊതുയോഗത്തില്‍ ആയിരുന്നു സ്വരാജിന്റെ വിമര്‍ശനം. ഇനിയുള്ള തന്റെ പ്രസംഗം വിശ്വാസികളോട് എന്ന് പറഞ്ഞായിരുന്നു വിവാദ പ്രസ്താവന സ്വരാജ് നടത്തിയത്.
‘വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുന്നു. താന്‍ അതിനെ എതിര്‍ക്കുന്നില്ല. ആ വിശ്വാസം മുറുകെ പിടിക്കാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. വിശ്വാസികളോട് തര്‍ക്കമോ ഏറ്റുമുട്ടലോ ഇല്ല. പക്ഷേ, അയ്യപ്പന്‍ ബ്രഹ്മചാരിയല്ല. അയ്യപ്പനെ പറ്റി നമ്മള്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഐതിഹ്യമെന്താണ്. മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. അപ്പോള്‍ അയ്യപ്പന്‍ പറഞ്ഞത് ‘കുമാരി മാളികപ്പുറം ഞാന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്, അതുകൊണ്ട് നിങ്ങള്‍ തിരിച്ചു പോകണം എന്നാണോ? അല്ല.
കേരളത്തില്‍ ഏതെങ്കിലും അയ്യപ്പ ഭക്തനോ ഭക്തയോ ഇങ്ങനെ വിശ്വസിക്കുന്നുണ്ടോ? അയ്യപ്പന്‍ ഞാന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് പറഞ്ഞില്ല. അതുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്നല്ല അയ്യപ്പന്‍ പറഞ്ഞത്. അയ്യപ്പന്‍ പറഞ്ഞത് കാത്തിരിക്കൂ എന്നാണ്. കന്നി അയ്യപ്പന്‍ മല കയറാത്ത സാഹചര്യം വന്നാല്‍ വിവാഹം കഴിക്കാമെന്നാണ് പറഞ്ഞത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കില്‍ ഇങ്ങനെ പറയുമോ? പ്രളയം മൂലം ഇത്തവണ ശബരിമല നട തുറന്നപ്പോള്‍ കന്നി അയ്യപ്പന്‍മാര്‍ നട ചവിട്ടിയില്ല. അതുകൊണ്ട് തന്നെ അയ്യപ്പന്‍ വാക്ക് പാലിച്ച് ഓഗസ്റ്റ് പതിനെട്ടാം തീയതി മാളികപ്പുറത്തമ്മയെ കല്യാണം കഴിച്ചിരിക്കാ൦.’- എന്നായിരുന്നു സ്വരാജിന്റെ വിവാദ പരാമര്‍ശം.
കഴിഞ്ഞ തവണ കെ ബാബുവില്‍ നിന്ന് 4467 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം സ്വരാജ് തൃപ്പുണ്ണിത്തുറ മണ്ഡലം പിടിച്ചെടുത്തത്. ഇക്കുറി ശക്തമായ മത്സരം തന്നെയായിരിക്കും തൃപ്പൂണിത്തുറയില്‍ സംഭവിക്കുക എന്നാണ് സൂചന.