തിരുവനന്തപുരം : ബിജെപി ഒറ്റയ്ക്ക് അധികാരത്തില്‍ വന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്താണ് രാജ്യം അനുഭവിക്കുന്നതെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ആരും ചോദ്യം ചെയ്യാനുണ്ടാകില്ലെന്ന് കരുതിയ നരേന്ദ്ര മോദിക്ക് തെറ്റിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ സംയുക്ത കാര്‍ഷിക സമിതി അനിശ്ചിതകാല സമരം നടത്തുന്നത്. സമരം മൂന്നു ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
ബിജെപി സര്‍ക്കാര്‍ ജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ഭക്ഷ്യ സ്വയം പര്യാപ്തത തകര്‍ക്കലാണ് കോര്‍പ്പറേറ്റുകളുടെ ലക്ഷ്യം. ആരും ചോദ്യം ചെയ്യാനുണ്ടാകില്ലെന്ന് കരുതിയ നരേന്ദ്ര മോദിക്ക് തെറ്റി. പുതിയ കാര്‍ഷിക നിയമം കൂടുതല്‍ പ്രശ്നമുണ്ടാക്കാന്‍ പോകുന്നത് കേരളത്തിലാണ്. എന്നാല്‍ കേരളത്തിലെ കേണ്‍ഗ്രസ് എംപിമാര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.