റാന്നി: മന്ദമരുതിക്കു സമീപം മാടത്തരുവി വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയ വിദ്യാര്‍ഥികളായ മൂന്നംഗ സംഘത്തിലെ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടാണ് സംഭവം. ചേത്തയ്ക്കല്‍ സ്വദേശികളായ പാലയ്ക്കാട്ട് അജിയുടെ മകന്‍ ജിത്തു(14), പിച്ചനാട്ട് കണ്ടത്തില്‍ പ്രസാദിന്റെ മകന്‍ ശബരി(14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പരിയാരത്ത് ജിജുവിന്റെ മകന്‍ ദുര്‍ഗാദത്തന്‍(14) രക്ഷപെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ രണ്ടു പേരെയും കരയ്ക്കെടുത്തെങ്കിലും മരിച്ചിരുന്നു.
മൂവര്‍ സംഘം കുളിക്കാനായി ഇവിടെ എത്തിയതാണ്. പാറയുടെ മുകളില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ എടുക്കാനായി പോയി തിരിച്ചുവന്ന ദുര്‍ഗാദത്തന്‍ കൂട്ടുകാരെ കാണാതെ വിളിച്ചു കൂവിയതോടെയാണ് നാട്ടുകാരെത്തിയത്. ഒളിച്ചിരിക്കുകയാവാം എന്നു കരുതി പ്രദേശത്തു തിരഞ്ഞ ശേഷമാണ് വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പാറയുടെ ഉള്ളിലെ അള്ളില്‍ നാട്ടുകാര്‍ കയര്‍ കെട്ടിയിറങ്ങി തിരച്ചില്‍ നടത്തി കുട്ടികളെ കണ്ടെത്തുകയായിരുന്നു. റാന്നിയില്‍ നിന്ന് അഗ്നിശമന സേനയും റാന്നി പോലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങള്‍ റാന്നി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.