റാന്നി: കൊറ്റനാട് പഞ്ചായത്തിലെ മടത്തുംചാലിൽ നിന്നും ആരംഭിച്ച് മുക്കൂട്ടുതറയിൽ അവസാനിക്കുന്ന മടത്തുംചാൽ മുക്കൂട്ടുതറ റോഡിൻ്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് 17.7 5 കോടി രൂപയുടെ പ്രവർത്തികൾക്കുള്ള ടെൻഡർ ക്ഷണിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഒന്നാം എല്‍.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് കിഫ്‌ബി സഹായത്തോടെ ആരംഭിച്ച പദ്ധതി നാലുവർഷമായി മുടങ്ങി കിടക്കുകയായിരുന്നു. 31.2 കിലോമീറ്റർ റോഡിൻ്റെ ബിഎം ടാറിങ് പൂർത്തിയായെങ്കിലും ബിസി പൂർത്തീകരിക്കുവാനും വിവിധയിടങ്ങളിൽ റോഡിൻ്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനും ഐറിഷ് ജോലികള്‍ ചെയ്യുന്നതിനും ആവശ്യമായ തുക കണ്ടെത്താൻ കഴിയാത്തതടക്കം വിവിധങ്ങളായ സാങ്കേതിക തടസ്സങ്ങൾ മൂലമാണ് നിർമ്മാണം മുടങ്ങിയത്. തുടർന്ന് എംഎൽഎ എന്ന നിലയിൽ ഈ വിഷയം മുഖ്യമന്ത്രിയുടെയും ധനവകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും കിഫ്‌ബി ഉന്നത ഉദ്യോഗസ്ഥ തലത്തിൽ നിരവധി യോഗങ്ങൾ വിളിച്ചുചേർക്കുകയും നിരന്തര ഇടപെടൽ നടത്തുകയും ചെയ്തു. ഇതേ തുടർന്ന് റോഡിൻ്റെ നിർവഹണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് റോഡിൻ്റെ പൂർത്തീകരണത്തിനായി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബീയുടെ സാമ്പത്തിക അനുമതിക്കായി സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മാർച്ച് 3 ന് ചേർന്ന കിഫ്ബി എക്സിക്യൂട്ടിവ് യോഗം 51.65 കോടി രൂപക്കുള്ള പുതുക്കിയ ഭരണാനുമതി നൽകിയിരുന്നു.നിലവിലെ കരാറുകാരന് നൽകുവാനുള്ള തുക പൂർണമായും കൊടുത്തുതീർത്തു നിയമപരമായി കരാർ റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഭരണാനുമതി തുകയിൽ 4.19 കോടി രൂപ വാട്ടർ അതോറിറ്റിക്ക് പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനും 2.05 കോടി രൂപ കെഎസ്ഇബി തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനും നൽകി. രണ്ട് കിലോമീറ്റർ റോഡിൻ്റെ ബിസി ടാറിങ് പൂർത്തീകരിക്കുന്നതിനും റോഡിൻ്റെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിനും ഉൾപ്പെടെ 17.75 കോടി രൂപയുടെ സിവിൽ പ്രവർത്തികൾക്കാണ് സാങ്കേതിക അനുമതിയോടു കൂടി ഇപ്പോൾ ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. റോഡിൻ്റെ പകുതി ഭാഗം ഉയർന്നു നിൽക്കുന്നത് അപകടങ്ങൾക്ക് കാരണമായിരുന്നു. ഇതടക്കമുള്ള ജനങ്ങളുടെ യാത്ര പ്രശ്നങ്ങളും റോഡിൻ്റെ പ്രാധാന്യവും സർക്കാരിൻ്റെയും കിഫ്ബി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രദ്ധയിൽപ്പെടുത്തുവാനും കൃത്യമായ ഇടപെടൽ നടത്തുവാനും കഴിഞ്ഞതിന്റെ ഫലമായാണ് ഇത്രയും വലിയ തുക അനുവദിക്കപ്പെട്ടത്.