പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസില്‍ ഇന്ന് പതിമൂന്നാം സാക്ഷി സുരേഷിനെ വിസ്തരിക്കും. നേരത്തെ സുരേഷിനെ പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായി മധുവിന്‍റെ കുടുംബം അഗളി പോലീസിൽ പരാതി നൽകിയിരുന്നു. പുതിയ സ്പെഷ്യൽ പ്രോസികൂട്ടർ രാജേഷ് മേനോൻ ചുമതല ഏറ്റശേഷമുള്ള വിസ്താരത്തിനിടെ ഇന്നലെ പന്ത്രണ്ടാം സാക്ഷി അനിൽകുമാർ കൂറ് മാറിയിരുന്നു. കൂറ് മാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെട്ട വിവരം ഇന്നലെ മധുവിന്‍റെ കുടുംബം വെളിപ്പെടുത്തിയിരുന്നു. പ്രതികളുടെ ഭീഷണി ഭയന്ന് കുടുംബം അട്ടപ്പാടിയിൽ നിന്ന് മണ്ണാർക്കാടേക്ക് താമസം മാറാൻ ഒരുങ്ങുകയാണ്.
പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ചുമതലയേറ്റശേഷം ഇന്നലെയാണ് സാക്ഷി വിസ്താരം പുനരാരംഭിച്ചത്. അഡ്വ. രാജേഷ് എം.മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സി രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.