മഡ്രിഡ് : ആരാധകർ കാത്തിരുന്ന ‘എൽ ക്ലാസിക്കോ’യിൽ ബദ്ധവൈരികളായ ബാർസിലോനയെ വീഴ്ത്തി റയൽ മഡ്രിഡ് വീണ്ടും സ്പാനിഷ് ലാ ലിഗയുടെ തലപ്പത്ത്. പതിവുപോലെ ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയലിന്റെ ജയം. കരിം ബെൻസേമ (13), ടോണി ക്രൂസ് (28) എന്നിവരാണ് റയലിനായി ഗോൾ നേടിയത്. ബാർസയുടെ ആശ്വാസ ഗോൾ 60–ാം മിനിറ്റിൽ ഓസ്കാർ മിൻഗ്വേസ നേടി.
തുടർച്ചയായ മിനിറ്റുകളിൽ രണ്ട് മഞ്ഞക്കാർഡ് കണ്ട കാസമിറോ 90–ാം മിനിറ്റിൽ പുറത്തുപോയതോടെ 10 പേരുമായാണ് റയൽ മത്സരം പൂർത്തിയാക്കിയത്. ലീഗിൽ 30 മത്സരങ്ങൾ പിന്നിടുമ്പോൾ 66 പോയിന്റോടെയാണ് റയൽ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ഒരു മത്സരം കുറവു കളിച്ച അത്‍ലറ്റിക്കോ മഡ്രിഡിനും 66 പോയിന്റുണ്ടെങ്കിലും നേർക്കുനേർ പോരാട്ടങ്ങളിലെ മേധാവിത്തമാണ് റയലിന് മുൻതൂക്കം സമ്മാനിച്ചത്. അത്‍ലറ്റിക്കോ മഡ്രിഡിന് ഇന്ന് റയൽ ബെറ്റിസുമായി മത്സരമുണ്ട്.
ബാർസിലോനയ്ക്കെതിരെ റയൽ നേടുന്ന തുടർച്ചയായ മൂന്നാം ‘എൽ ക്ലാസിക്കോ’ വിജയമാണിത്. 1978നു ശേഷം ഇതാദ്യമായാണ് റയൽ മൂന്നു മത്സരങ്ങൾ ബാർസയ്ക്കെതിരെ തുടർച്ചയായി ജയിക്കുന്നത്. ഒരു സീസണിൽ റയൽ ബാർസയെ രണ്ടു മത്സരങ്ങളിലും തോൽപ്പിക്കുന്നത് 2007008നുശേഷം ഇതാദ്യമാണെന്ന പ്രത്യേകതയുമുണ്ട്. 1980ൽ ജൊവാക്വിം റൈഫിനുശേഷം റയലിനെതിരെ തുടർച്ചയായി രണ്ടു ലീഗ് മത്സരങ്ങളും തോൽക്കുന്ന ആദ്യ ബാർസ പരിശീലകനെന്ന നാണക്കേട് കൂമാനും സ്വന്തം.