ബംഗളൂരു: റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ അപകടത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക സര്‍ക്കാര്‍. ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്ട്രേറ്റ് തല അന്വേഷണം. ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ജില്ലാ ഭരണകൂടത്തിൽ നിന്ന് വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. 35000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തോളം ആളുകൾ എത്തിയതാണ് അപകടത്തിന് കാരണം.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകുമെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും എന്നും മുഖ്യമന്ത്രി വ്യകതമാക്കി. അപകടത്തിൽ ആർ.സി.ബി യും അനുശോചനം രേഖപ്പെടുത്തി. അതേസമയം ബംഗളൂരുവിലെ ആഘോഷം ആര് സംഘടിപ്പിച്ചതാണെന്ന് അറിയില്ലെന്നാണ് ഐപിഎൽ സംഘാടകരുടെ പ്രതികരണം. ആർസിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്താണ് ദുരന്തമുണ്ടായത്. സ്റ്റേഡിയത്തിൽ ഉൾകൊള്ളാവുന്നതിലും അപ്പുറം ആളുകൾ പുറത്ത് ഗേറ്റിന് മുന്നിൽ തടിച്ചുകൂടിയിരുന്നു.
ഇവിടെയാണ് ദുരന്തം സംഭവിച്ചത്. ബുധനാഴ്ച ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വന്‍ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ടീമിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ഇവിടേക്ക് എത്തിച്ചേര്‍ന്നത്. ഇത് വലിയ തിക്കും തിരക്കിനും ഇടയാക്കി. ബംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ജനക്കൂട്ടം ദൃശ്യമായിരുന്നു. ആളുകള്‍ വന്‍ തോതില്‍ എത്തിച്ചേരുന്നതു സംബന്ധിച്ച് പൊലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിക്ടറി പരേഡടക്കം നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.