ഇന്ത്യയിൽ ഓട്ടോമാറ്റിക് കാറുകളുടെ ഡിമാന്റ് കുതിച്ചുയരുകയാണ്. നിരത്തുകളിലെ വലിയ തിരക്കും ഓടിക്കാനുള്ള എളുപ്പവുമെല്ലാം കാരണമാണ് ക്ലച്ച്ലെസ് വാഹനങ്ങളിലേക്ക് ആളുകൾ കൂട്ടത്തോടെ ചേക്കേറുന്നത്. എസ്‌യുവി വിപണിയിലായാലും ഓട്ടോമാറ്റിക്കിനോടാണ് ആളുകൾക്ക് പ്രിയം. ഡ്രൈവിംഗ് കൂടുതൽ എളുപ്പമാക്കുന്നതിനൊപ്പം മികച്ച മൈലേജും ഇവ തരുന്നുണ്ടെന്നത് ആളെപ്പിടാക്കാനുള്ള ട്രിക്കുകൂടിയാണ്. കുറഞ്ഞ വിലയും കിടിലൻ മൈലേജും വിട്ടുവീഴ്ച്ചയില്ലാത്ത സേഫ്റ്റിയും എല്ലാം കൂടിച്ചേരുന്നതാണ് ഇപ്പോൾ വണ്ടി വാങ്ങുന്നവരുടെ വീക്ക്‌നെസ്. അത്തരത്തിൽ പുതിയൊരു എസ്‌യുവി ഇപ്പോൾ വിപണിയിൽ അവതരിച്ചിരിക്കുകയാണ്. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ് ഫ്രണ്ട്‌ലി മോഡലായ നിസാൻ മാഗ്നൈറ്റ് എഎംടി മോഡലാണിത്. 6.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ തട്ടുപൊളിപ്പൻ മോഡലിനെ നിസാൻ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
ഇതുവരെ സിവിടി ഓട്ടോമാറ്റിക്കിൽ മാത്രം വിപണിയിൽ എത്തിയിരുന്ന മാഗ്നൈറ്റ് വിൽപ്പന കൊഴുപ്പിക്കാനായി എഎംടി വേരിയന്റിനെ കൊണ്ടുവന്നത് സെഗ്മെന്റിലെ പ്രധാന ശത്രുക്കളായ ടാറ്റ പഞ്ചിനും ഹ്യുണ്ടായി എക്സ്റ്ററിനും വലിയ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. കുറഞ്ഞ വിലയുള്ള അതായത് ഒരു 8 ലക്ഷം രൂപ ബജറ്റിൽ ക്ലച്ച്ലെസ് എസ്‌യുവി വാങ്ങാമെന്ന് വിചാരിക്കുന്നവർക്കുള്ള ഉത്തരമാണിത്. 6.50 ലക്ഷത്തിന് വാങ്ങിയാൽ ബാക്കി പോക്കറ്റിൽ കിടക്കുകയും ചെയ്യും. ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയ നിസാൻ എഎംടി ടാറ്റ പഞ്ച്, എക്‌സ്‌റ്റർ എഎംടി എന്നിവയുടെ എൻട്രി ലെവൽ വേരിയന്റുകളെ തറപറ്റിക്കാനായാണ് കച്ചകെട്ടുന്നത്. താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ പഞ്ചിന്റെ എഎംടി എൻട്രി ലെവൽ അഡ്വഞ്ചർ വേരിയന്റിന് 7.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം ഹ്യുണ്ടായി എക്‌സ്‌റ്റർ എഎംടിയുടെ വില 8.09 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.