കൊച്ചി: കേന്ദ്രസര്‍ക്കാര്‍ മഹാകുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടും കൊച്ചി- പ്രയാഗ് രാജ് റൂട്ടില്‍ ടിക്കറ്റ് നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇളവ് പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുന്‍പ് ജനുവരി അവസാനം കൊച്ചി- പ്രയാഗ് രാജ് റൂട്ടില്‍ ടിക്കറ്റ് നിരക്ക് 50,000 കടന്നിരുന്നു. എന്നാല്‍ നിലവില്‍ 25,000നും 44,000നും ഇടയിലാണ് ടിക്കറ്റ് നിരക്ക്. ഈ ദിവസങ്ങളില്‍ ശരാശരി ടിക്കറ്റ് നിരക്ക് 25000ന് മുകളിലാണെങ്കിലും ഇന്ന് കുറഞ്ഞ നിരക്ക് 43,414 രൂപയാണെന്ന് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ മെയ്ക്ക്‌മൈട്രിപ്.കോം കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, നിരക്ക് വർധിച്ചിട്ടും തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. കുംഭമേളയുടെ അവസാന ഘട്ടത്തില്‍ പങ്കെടുക്കാന്‍ കൊച്ചി- പ്രയാഗ് രാജ് സെക്ടറില്‍ തീര്‍ഥാടകരുടെ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പ്രമുഖ വിമാന കമ്പനികളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രമാണ് കൊച്ചിയില്‍ നിന്ന് പ്രയാഗ് രാജിലേക്ക് കുറഞ്ഞത് ഒരു സ്റ്റോപ്പ് ഓവറുള്ള വിമാന സര്‍വീസുകള്‍ നടത്തുന്നത്.
ടിക്കറ്റ് ബുക്കിംഗ് സൈറ്റായ MakeMyTrip.com അനുസരിച്ച്, ഫെബ്രുവരി 18ന് കൊച്ചി- പ്രയാഗ് രാജ് സെക്ടറിലെ ഏറ്റവും കുറഞ്ഞ നിരക്ക് 43,414 രൂപയാണ്. അടുത്ത ദിവസം ഇത് 27,592 രൂപയായി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 25 വരെ ടിക്കറ്റ് നിരക്കുകള്‍ 25,000 രൂപയ്ക്ക് മുകളിലാണ്. ഫെബ്രുവരി 26 മുതല്‍ അവ 10,000 രൂപയില്‍ താഴെയാകും. ഫെബ്രുവരി 1 മുതല്‍ കുംഭമേളയ്ക്ക് പോകുന്ന യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹന്‍ നായിഡു പ്രഖ്യാപിച്ചിട്ടും നിരക്ക് ഉയര്‍ന്നുനില്‍ക്കുകയാണ്. കഴിഞ്ഞ മാസം അവസാനം കൊച്ചി-പ്രയാഗ് രാജ് സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ 50,000 രൂപയിലധികമായി ഉയര്‍ന്നിരുന്നു.