പന്തളം : മഹാകവി പന്തളം കേരളവർമ സ്മാരകസമിതി ഏർപ്പെടുത്തിയ മഹാകവി പന്തളം കേരളവർമ കവിതാ പുരസ്‌കാരം കാലടി സംസ്‌കൃത സർവകലാശാലാ മുൻ പ്രോ-വൈസ് ചാൻസലറും പന്തളം കേരളവർമ സ്മാരകസമിതി പ്രസിഡന്റുമായ ഡോ. കെ.എസ്.രവികുമാർ വി.എം.ഗിരിജയ്ക്ക് സമ്മാനിച്ചു.
പുരസ്‌കാരദാനച്ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഓരോ നാൾ കഴിയുന്തോറും കൂടുതൽ പ്രശസ്തമാകുന്ന ഭാവകവിതകളുടെ രചയിതാവായിരുന്നു മഹാകവി പന്തളം കേരളവർമയെന്നും ജീവിച്ച ചുരുങ്ങിയ കാലയളവിനുള്ളിലെ അദ്ദേഹത്തിന്റെ രചനകളുടെ അളവും ഗരിമയും അദ്‌ഭുതപ്പെടുത്തുന്നതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ.ശങ്കർവർമ അധ്യക്ഷത വഹിച്ചു. ആകാശവാണി തിരുവനന്തപുരം അസിസ്റ്റന്റ് ഡയറക്ടർ മുഖത്തല ശ്രീകുമാർ പ്രഭാഷണം നടത്തി. സാഹിത്യ മേഖലയിൽ 50 വർഷം പൂർത്തിയാക്കിയ ഡോ. കെ.എസ്.രവികുമാറിനെ പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി എം.ആർ.സുരേഷ് വർമ ആദരിച്ചു. പാലസ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് കെ.സി.ഗിരീഷ് കുമാർ, സെക്രട്ടറി ആർ.കിഷോർ കുമാർ വി.എം.ഗിരിജ എന്നിവർ പ്രസംഗിച്ചു. വി.എം.ഗിരിജയുടെ ബുദ്ധപൂർണിമ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.