കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാന്‍ സിപിഎം ഗൂഢാലോചന നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കെ.വിദ്യയെ തള്ളിപറഞ്ഞ് ആര്‍ഷോയെ രക്ഷിക്കാനാണ് ശ്രമം. ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികള്‍ മാത്രം നടത്തിയ തട്ടിപ്പല്ല കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ളത്. പല കോളേജ് അധികൃതര്‍ക്കും ഇത്തരം തട്ടിപ്പില്‍ ബന്ധമുണ്ട്. എസ്എഫ്‌ഐയും സിപിഎം അധ്യാപക സംഘടനാ നേതൃത്വവും അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അതേസമയം മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചനയുണ്ടായെന്നും പരാതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പരാതി നല്‍കി. തെറ്റായ മാര്‍ക്ക്‌ലിസ്റ്റ് പുറത്തുവന്നതും, അതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇ-മെയില്‍ മുഖേനെയാണ് ആര്‍ഷോ പരാതി നല്‍കിയത്.