മുംബൈ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാറിന്റ മുന്നറിയിപ്പ്. ഏപ്രില്‍ രണ്ടിനാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയെന്നും അജിത് പവാര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 31,000 ല്‍ കൂടുതലാണ്.
ഹോളി ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പൂണെയില്‍ ചേര്‍ന്ന അവലോകനത്തിന് ശേഷം അജിത് പവാര്‍ പറഞ്ഞു. ഹോളി ദിവസത്തില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഉള്‍പ്പടെ വിലക്കിയിട്ടുണ്ട്. സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും എങ്കില്‍ മാത്രമേ സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ സാധിക്കു എന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ കര്‍ശനമായ ലോക്ഡൗണിലേക്ക് പോകുന്നതാണ് ഉചിതമെന്ന് ഉപമുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടു. നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അജിത് പവാര്‍ പറഞ്ഞു. മാളുകളിലും മാര്‍ക്കറ്റിലും സിനിമ തിയേറ്ററുകളിലും 50 ശതമാനം പേര്‍ മാത്രമേ ജോലിക്കെത്താന്‍ പാടുള്ളു. കല്യാണങ്ങള്‍ക്ക് 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. വലിയ കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ ഏപ്രില്‍ ആദ്യത്തോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തസജ്ജമാകും. സ്വകാര്യ ആശുപത്രികളുടെ പകുതി കിടക്കകളും കോവിഡ് രോഗികള്‍ക്കായി നീക്കിവെക്കുമെന്നും പവാര്‍ വ്യക്തമാക്കി.