മുംബൈ: ബിജെപി സര്‍ക്കാര്‍ 3000 കോടി ചെലവഴിച്ച് നട്ടുപിടിപ്പിച്ച 50 കോടി മരം എവിടെപ്പോയെന്ന് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭരണകാലത്ത് മഹാരാഷ്ട്രയില്‍ 50 കോടി മരത്തൈകള്‍ നട്ടതില്‍ ക്രമക്കേട് നടന്നതായി ആരോപിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
3,000 കോടി രൂപ ചെലവില്‍ സംസ്ഥാനത്ത് 50 കോടി തൈകള്‍ നട്ടതായാണ് ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. അഞ്ചു വര്‍ഷത്തിനിടെ മരങ്ങള്‍ നട്ടെന്നും 2019ല്‍ മാത്രം 33 കോടി തൈകള്‍ നട്ടതായാണ് അവകാശവാദം. എന്നാല്‍ ഇതില്‍ വലിയ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇക്കാര്യം അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് പറഞ്ഞു.