തിരുവനന്തപുരം: സിപിഎം വനിതാനേതാക്കളെ അധിക്ഷേപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനെതിരെ പരാതി നല്‍കി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ അഡ്വ. സി എസ് സുജാത സംസ്ഥാന പോലീസ് മേധാവിക്കും സംസ്ഥാന വനിതാ കമ്മീഷനുമാണ് പരാതി നല്‍കിയത്. സ്ത്രീകളെ ശാരീരികമായി വര്‍ണിച്ച് ലൈംഗിക ചുവയോടെ അവഹേളിക്കുന്ന സുരേന്ദ്രന്റെ പ്രസ്താവന കേവലം മാര്‍കസിസ്റ്റ് പാര്‍ട്ടിയിലെ സ്ത്രീകള്‍ എന്നതിനപ്പുറം സ്ത്രീകളെ പൊതുവില്‍ അപമാനിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.
അതേസമയം സുരേന്ദ്രനെതിരെ സിപിഎം നേതാക്കള്‍ പരാതിനല്‍കിയില്ലെങ്കില്‍ പ്രതിപക്ഷം പോലീസില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് എതിരെ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ചുണ്ടനക്കുന്നില്ലെന്നും സതീശന്‍ ആരോപിച്ചു. സിപിഎം വനിതാനേതാക്കളെ അധിക്ഷേപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ സുരേന്ദ്രന് എതിരെ കേസെടുക്കണമെന്ന് സതീശന്‍ പറഞ്ഞു.