ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ചൂടപ്പം പോലെയാണ് വിറ്റു തീരുന്നത്. എന്നാല്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ ഇനിയും നിരത്തുകള്‍ കൈയ്യടക്കി വരുന്നതേ ഉള്ളൂ. ഇലക്ട്രിക് ബൈക്ക് സെഗ്‌മെന്റിന്റെ വളര്‍ച്ചക്ക് വേഗത കൂട്ടാന്‍ ഒരുപിടി വമ്പന്‍മാരാണ് പുതിയ ഉല്‍പ്പന്നങ്ങളുമായി അരങ്ങേറാന്‍ ഒരുങ്ങുന്നത്. അതില്‍ മുമ്പന്‍മാരാണ് ഓല ഇലക്ട്രിക്. ഓലക്ക് പുറമെ ഐതിഹാസിക ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡും സമീപഭാവിയില്‍ തന്നെ ഇലക്ട്രിക് ബുള്ളറ്റുമായി എത്തുമെന്ന് വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഇതിനിടെ മറ്റൊരു വമ്പന്‍ കമ്പനി കൂടി തങ്ങളുടെ ഇവി വിപണിയിലേക്കുള്ള ചുവടുവെപ്പിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണിപ്പോള്‍. പ്രമുഖ കാര്‍ നിര്‍മാതാക്കളായ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.
ഐതിഹാസിക ബ്രാന്‍ഡുകളായ ജാവ, യെസ്ഡി, ബിഎസ്എ എന്നിവക്ക് കീഴില്‍ ബൈക്കുകള്‍ വില്‍പ്പനക്കെത്തിക്കുന്നത് ക്ലാസിക് ലെജന്‍ഡ്‌സാണ്. താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വില്‍പ്പനക്കെത്തിക്കാനായി ക്ലാസിക് ലെജന്‍ഡ്‌സ് വാര്‍വിക് യൂണിവേഴ്‌സിറ്റിയുമായി കൈകൊര്‍ത്തിരിക്കുകയാണ്. ക്ലാസിക് ലെജന്‍ഡ്‌സിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 2024-ല്‍ അരങ്ങേറുമെന്നാണ് സൂചന. പുത്തന്‍ ഉല്‍പ്പന്നങ്ങളുടെ വികസനത്തിനും വില്‍പ്പന ശൃംഖല വ്യാപിപ്പിക്കുന്നതിനുമായി കമ്പനിക്ക് അടുത്തിടെ 1000 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചിരുന്നു. ഈ നിക്ഷേപത്തിലൂടെ ബ്രാന്‍ഡിനെ ആഗോള തലത്തില്‍ ശ്രദ്ധക്കപ്പെടുന്ന രീതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനാണ് ശ്രമം.
ക്ലാസിക് ലെജന്‍ഡ്സിന് കീഴില്‍, ജാവ, യെസ്റ്റി, ബിഎസ്എ മോട്ടോര്‍സൈക്കിള്‍സ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുവെന്നതിനാല്‍ ഏത് മോഡല്‍ ആയിരിക്കും ഇലക്ട്രിക് അവതാരത്തില്‍ എത്തുകയെന്ന കാര്യം തീര്‍ച്ചയില്ല. മിക്കവാറും ബിഎസ്എ നെയിംപ്ലേറ്റിന് കീഴിലായിരിക്കും ക്ലാസിക് ലെജന്‍ഡ്‌സ് തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുകയെന്നാണ് സൂചന. ആഗോള വിപണികള്‍ക്കായി വരാനിരിക്കുന്ന ഉല്‍പ്പന്നങ്ങളും വിതരണ ശൃംഖലയും വികസിപ്പിക്കുകയാണ് പുതിയ നിക്ഷേപം വഴി ലക്ഷ്യമിടുന്നതെന്ന് ക്ലാസിക് ലെജന്‍ഡ്‌സ് സ്ഥാപകനായ അനുപം തരേജ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി നേരിട്ട് കൊണ്ടിരിക്കുന്ന നഷ്ടത്തില്‍ നിന്ന് കമ്പനിക്ക് കരകയറാന്‍ സാധിക്കുമെന്നാണ് അദ്ദഹം കരുതുന്നത്. പ്രവര്‍ത്തനം തുടങ്ങിയ ആദ്യത്തെ സാമ്പത്തിക വര്‍ഷം (2020) കമ്പനി ലാഭകമായിരുന്നുവെങ്കിലും പിന്നീട് വലിയ വെല്ലുവിളികള്‍ നേരിട്ടു.
അതിനാല്‍, പുതിയ നിക്ഷേപത്തിലൂടെ ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാന്‍ സാധിക്കുമെന്നാണവര്‍ കരുതുന്നത്. ക്ലാസിക് മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തകയാണിപ്പോഴും. 250 സിസിക്കും 1.5 ലക്ഷം രൂപക്കും മുകളില്‍ വരുന്ന ബൈക്കുകള്‍ വരുന്ന ഈ വിഭാഗത്തില്‍ ഓരോ വര്‍ഷവും 16-17 ദശലക്ഷം യൂണിറ്റ് വില്‍പ്പന നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. അതിന്റെ വലിയൊരു പങ്ക് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടാണ് ക്ലാസിക് ലെജന്‍ഡ്‌സിന്റെ പ്രയാണം.