ഇന്ത്യയിലെ പൌരന്മാരുടെ പ്രധാനപ്പെട്ട രണ്ട് രേഖകളായ ആധാർ കാർഡ്, പാൻ കാർഡ് എന്നിവ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ജൂൺ 30 ആണ്. ഈ തീയതിക്കുള്ളിൽ ലിങ്ക് ചെയ്യാത്ത ആളുകളുടെ പാൻ കാർഡ് പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല. ഇതിനകം തന്നെ പലപ്പോഴായി ആധാർ, പാൻ ലിങ്ക് (Aadhaar-PAN Link) ചെയ്യാനുള്ള അവസാന തീയതി നീട്ടി നൽകിയിട്ടുണ്ട് എന്നതിനാൽ ഇനി യാതൊരു ഇളവും ലഭിക്കാൻ സാധ്യതയില്ല. ജൂലൈ 1 മുതൽ ലിങ്ക് ചെയ്യാനായി 1000 രൂപ പിഴ അടയ്ക്കേണ്ടി വരുമെന്നാണ് ആദായ നികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ആധാറുമായി പാൻ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2022 മാർച്ച് 31 ആയിരുന്നത് പിന്നീട് 2023 മാർച്ച് 31വരെ നീട്ടി നൽകിയിരുന്നു. എന്നാൽ ഈ കാലയളവിലും ആധാർ, പാൻ കാർഡ് എന്നിവ ലിങ്ക് ചെയ്യാത്തവർക്കായി ജൂൺ 30 വരെ സമയം നൽകി. ഈ കാലയളവിലും ആധാർ, പാൻ കാർഡ് എന്നിവ ലിങ്ക് ചെയ്യാത്തവർ ജൂലൈ 1 മുതൽ 1000 രൂപ പിഴ നൽകേണ്ടി വരും.
ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാനായി ആദ്യം നിങ്ങൾ https://www.incometax.gov.in/iec/foportal/എന്ന വെബ്സൈറ്റിൽ കയറുക. ഈ വെബസൈറ്റിൽ ഇടത് ഭാഗത്തായി “ക്വിക്ക് ലിങ്ക്സ്” എന്ന ഓപ്ഷൻ കാണാം. ഈ ഓപ്ഷനിൽ താഴെ “ലിങ്ക് ആധാർ” ഓപ്ഷൻ ഉണ്ട്. ഇതിൽ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന ടാബിൽ നിങ്ങളുടെ പാൻ നമ്പരും ആധാർ നമ്പരും നൽകുക. നിങ്ങളുടെ ആധാർ വിവരങ്ങൾ വെച്ച് പാനിലെ വിവരങ്ങൾ പരിശോധിച്ച ശേഷം ഇവ തമ്മിൽ പൊരുത്തക്കേടുകൾ ഇല്ലെങ്കിൽ “ലിങ്ക് നൌ” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. പോപ്പ്-അപ്പ് മെസേജിൽ നിങ്ങളുടെ ആധാർ പാനുമായി ലിങ്ക് ചെയ്തു എന്ന കാര്യം എഴുതി കാണിക്കും.
നിങ്ങളുടെ ഫോണിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലെങ്കിലും ഇന്റർനെറ്റ് കിട്ടാത്ത അവസരത്തിലും ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാനായി എസ്എംഎസ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇതിനായി നിങ്ങളുടെ ഫോണിലെ മെസ്സേജ് ഓപ്ഷൻ ഓപ്പൺ ചെയ്ത് പുതിയ മെസേജ് ആയി UIDPAN (സ്പേസ്) 12 അക്ക ആധാർ നമ്പർ (സ്പേസ്) 10 അക്ക പാൻ നമ്പർ എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്യുക. ഈ മെസേജ് 567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പരിലേക്കോ അയക്കാം. ആധാർ ലിങ്ക് ചെയ്ത വിവരം റിപ്ലെ മെസ്സേജ് ആയി ലഭിക്കും.
ആദ്യമേ തന്നെ ആധാർ, പാൻ കാർഡുകൾ തമ്മിൽ ലിങ്ക് ചെയ്തിട്ടുണ്ട് എങ്കിലും ഇക്കാര്യം ഓർമ്മയില്ലാത്ത ആളുകൾ ഉണ്ടായിരിക്കും. ഇവർക്ക് എളുപ്പം തങ്ങളുടെ ആധാർ, പാൻ കാർഡ് എന്നിവ ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാൻ സാധിക്കും. ഇതിനായി https://www.incometax.gov.in/iec/foportal/എന്ന ലിങ്കിൽ കയറുക. പേജിലെ”ക്വിക്ക് ലിങ്ക്സ്” ഓപ്ഷനിൽ താഴെയായി കാണുന്ന “ലിങ്ക് ആധാർ സ്റ്റാറ്റസ്” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക, നിങ്ങളുടെ 10 അക്ക പാൻ നമ്പറും 12 അക്ക ആധാർ നമ്പറും നൽകിയ ശേഷം “വ്യൂ ലിങ്ക് ആധാർ സ്റ്റാറ്റസ്” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ലിങ്ക് ചെയ്തിട്ടുണ്ട് എങ്കിൽ അക്കാര്യം എഴുതി കാണിക്കും. നാല് ദിവസത്തിനകം ആധാർ കാർഡ്, പാൻ കാർഡ് എന്നിവ തമ്മിൽ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് ഉപയോഗിക്കാൻ സാധിക്കുകയില്ല. ബാങ്കിങ്, ഇൻകം ടാക്സ് തുടങ്ങിയ കാര്യങ്ങൾക്കെല്ലാം പാൻ കാർഡ് ആവശ്യമാണ് എന്നതിനാൽ വലിയ ബുദ്ധിമുട്ടായിരിക്കും ഉണ്ടാകാൻ പോകുന്നത്. അതുകൊണ്ട് ഇതുവരെ ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാത്ത ആളുകൾ ഇന്ന് തന്നെ അവ ലിങ്ക് ചെയ്യാൻ ശ്രമിക്കുക.