പത്തനംതിട്ട : ശബരിമല സന്നിധാനത്ത് ശ്രീകോവിലിന്റെ മേൽക്കൂരയിലെ ചോർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ ഇന്ന് തുടങ്ങും. മേൽക്കൂരയിലെ നാല് സ്വർണപ്പാളികൾ ഇളക്കി അവ ചേരുന്ന ഭാഗത്ത് സിലിക്കൺ പശ ഉപയോഗിച്ച് ഉറപ്പിക്കും. സന്നിധാനത്ത് കനത്ത മഴയില്ലെങ്കിൽ ആറു ദിവസത്തിനുള്ളിൽ പണികൾ തീരുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബർ 7 ന് മുമ്പ് ജോലികൾ പൂർത്തിയാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു.
കാലപ്പഴക്കത്താൽ പശ ഇളകുന്നതും അടിയിലെ ചെമ്പ് പാളി ഉറപ്പിച്ചിരുന്ന ആണികൾ അയഞ്ഞതുമാണ് ചോർച്ചയുണ്ടാക്കിയതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അറ്റകുറ്റപ്പണിക്ക് സ്വർണമോ ചെമ്പ് പാളികളോ വേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ. അയഞ്ഞ ആണികൾക്ക് പകരം പുതിയ ആണികൾ ഉപയോഗിക്കും. അറ്റകുറ്റപ്പണികൾക്കായി പരുമല അനന്തൻ ആചാരിയുടെ നേതൃത്വത്തിൽ എട്ട് അംഗസംഘം സന്നിധാനത്ത് എത്തി.
കഴുക്കോലിന് മുകളിൽ പലക, ചെമ്പ്, സ്വർണം എന്നിങ്ങനെ മൂന്ന് പാളികളിലാണ് ശ്രീകോവിലിന്റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. മേൽക്കൂരയുടെ കിഴക്ക് കോടിക്കഴുക്കോലിനോട് ചേർന്ന ഭാഗത്താണ് ചോർച്ച. കഴിഞ്ഞ വിഷു പൂജകൾക്ക് നട തുറന്നപ്പോൾ ആണ് ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ആദ്യം ശ്രദ്ധയിൽ പെട്ടത്. ഓഗസ്റ്റ് 22ന് പണികള്‍ തുടങ്ങാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നതെങ്കിലും ഹൈക്കോടതിയുടെ അന്തിമാനുമതി ലഭിക്കാൻ വൈകിയത് മൂലമാണ് ചെറിയ താമസമുണ്ടായത്.