തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. മംഗളൂരുവിൽ നിന്നും കന്യാകുമാരി വരെ പോകുന്ന പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ബാധകമാകും. നാളെയും മറ്റന്നാളും (ജൂലൈ 6,7) പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. ഷൊർണൂർ ജംഗ്ഷൻ – തൃശൂർ പാസഞ്ചറിന്റെ (56605) ജൂലൈ 19, 28 എന്നീ ദിവസങ്ങളിലെ സർവീസ് പൂർണമായും റദ്ദാക്കിയിട്ടുണ്ട്.
ജൂലൈ 9നുള്ള തിരുച്ചിറപ്പള്ളി – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് വള്ളിയൂരിനും തിരുവനന്തപുരത്തിനുമിടയിൽ സർവീസ് നടത്തില്ല. ഇതിന് പുറമെ ജൂലൈ 25നുള്ള എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ (12695) സർവീസ് കോട്ടയത്ത് അവസാനിക്കും. 12696 തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സൂപ്പർഫാസ്റ്റ് 26ന് കോട്ടയത്ത് നിന്നാണ് സർവീസ് ആരംഭിക്കുക. ജൂലൈ 29ന് തൃശൂർ – കണ്ണൂർ എക്സ്പ്രസ് (16609 ) ഷൊർണൂരിൽ നിന്നാണ് പുറപ്പെടുക. ജൂലൈ 7, 8 തീയതികളിൽ കന്യാകുമാരി – മംഗളൂരു പരശുറാം എക്സ്പ്രസ് (16650) തിരുവനന്തപുരത്ത് നിന്നാണ് സർവീസ് ആരംഭിക്കുക. ജൂലൈ 19നുള്ള എറണാകുളം ജംഗ്ഷൻ – ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസിന്റെ (12645) സമയക്രമത്തിൽ മാറ്റം വന്നിട്ടുണ്ട്. വൈകീട്ട് 19.10ന് പകരം 20.50നാണ് ട്രെയിൻ യാത്ര തിരിക്കുക.