പത്തനംതിട്ട : മത്സ്യങ്ങളെ ഉത്പ്പാദിപ്പിക്കുന്ന മൺകുളങ്ങളും പടുതാക്കുളങ്ങളും വർദ്ധിച്ചതോടെ ജില്ലയിൽ മത്സ്യകൃഷിയിൽ വൻ മുന്നേറ്റം. മത്സ്യക്കർഷകരുടെ എണ്ണവും ഏറി. മുറ്റത്ത് കുഴിച്ച് പടുത വിരിച്ച് കുളം നിർമ്മിച്ചുള്ള പദ്ധതിയിൽ കർഷകരുടെ എണ്ണം കൂടിയിട്ടുണ്ട്. പുളിക്കീഴ്, കോയിപ്രം, പറക്കോട് ബ്ളോക്കുകളിലാണ് മുറ്റത്തൊരു മീൻതോട്ടം പദ്ധതി കൂടുതലായുള്ളത്. അപേക്ഷകൾ പരിഗണിച്ച് പഞ്ചായത്ത് കമ്മിറ്റികളാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കി സബ്സിഡി നൽകുന്നത്. ഫീഷറീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി നൽകും.
ഒരു കുളത്തിന് 250 കുഞ്ഞുങ്ങളെ നൽകും. ഏഴ്, എട്ട് മാസങ്ങൾ കൊണ്ട് വിളവെടുക്കും. വിഷരഹിത മത്സ്യക്കൃഷി ജില്ലയിൽ വ്യാപകമായത് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ്. വളർന്ന മത്സ്യങ്ങളെ വിപണനത്തിനും ഭക്ഷ്യവസ്തുക്കളായി മാറ്റിയും കർഷകർ വരുമാനം നേടുന്നതായാണ് ഫിഷറീസ് അധികൃതർ പറയുന്നത്. മത്സ്യ വളർത്തലിന് പ്രചാരവും പ്രോത്സാഹനവും ലഭിക്കാതിരുന്ന ജില്ലയിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ മാറ്റമാണുണ്ടായത്.